ചെന്നൈ: തമിഴ്നാട്ടില്‍ ചെന്നൈയില്‍ ഉള്‍പ്പടെ കനത്ത മഴയും ഇടിമിന്നലും. ഈ മാസം 23 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്.ഈ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈയിലും സമീപ ജില്ലകളായ തിരുവള്ളൂര്‍, കാഞ്ചീപുരം, വെല്ലൂര്‍, റാണിപെട്ട്, ചെങ്കല്‍പെട്ട് എന്നിവിടങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്.ചെന്നൈയിലും സമീപ ജില്ലകളിലും കനത്ത മഴ തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷൻ മഴക്കെടുതികളെ കുറിച്ച് അവലോകനയോഗം ചേര്‍ന്നു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളെക്കുറിച്ച് യോഗം വിലയിരുത്തി.അടുത്ത മണിക്കൂറുകളില്‍ തിരുവള്ളൂര്‍, കാഞ്ചീപുരം, വെല്ലൂര്‍, റാണിപെട്ട്, ചെങ്കല്‍പെട്ട്, വിരുദുനഗര്‍, കന്യാകുമാരി ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അടുത്ത മൂന്നു മണിക്കൂറില്‍ തമിഴ്നാടിന് പുറമെ പുതുച്ചേരിയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണറെയില്‍വേ ചെന്നൈയില്‍നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ലോകമാന്യതിലകിലേക്കുള്ള ട്രെയിൻ ചെന്നൈ ബീച്ച് സ്റ്റേഷനില്‍നിന്നായിരിക്കും പുറപ്പെടുക. ബംഗളുരുവിലേക്കുള്ള ശതാബ്ദി എക്സ്പ്രസും ബീച്ച് സ്റ്റേഷനില്‍നിന്ന് പുറപ്പെടും. കനത്ത മഴയെ തുടര്‍ന്ന് സെൻട്രല്‍ സ്റ്റേഷനില്‍ വെള്ളക്കെട്ട് ഉണ്ടായതോടെയാണ് ട്രെയിനുകള്‍ പുറപ്പെടുന്ന സ്റ്റേഷൻ മാറ്റിയത്.