Home Featured കനത്ത മഴ; തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം

കനത്ത മഴ; തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം

by jameema shabeer

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് തെക്കന്‍ തമിഴ്‌നാട്ടിലെ നാലു ജില്ലകളില്‍ വെള്ളപ്പൊക്കം. തിരുനെല്‍‌വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് .കനത്ത മഴയെ തുടര്‍ന്ന് തിരുനെല്‍‌വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദ്യാലയങ്ങള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്.
പുലര്‍ച്ചെ 1.30 വരെ തുടര്‍ച്ചയായ 15 മണിക്കൂറിനിടെ 60 സെന്റി മീറ്റര്‍ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെണ്ടൂരില്‍ പെയ്തത്. തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയില്‍ 26 സെന്റിമീറ്റര്‍ മഴയും കന്യാകുമാരിയില്‍ 17.3 സെന്റി മീറ്റര്‍ മഴയുമാണ് പെയ്തത്.

പാപനാശം, പെരിഞ്ഞാണി, പേച്ചിപ്പാറ ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ തിരുനെല്‍‌വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. താമരഭരണി നദി കരകവിഞ്ഞൊഴുകുകയാണ്. ഡാമുകളില്‍ നിന്നുള്ള ജലം കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജില്ലാ കളക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്നും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊമോറിന്‍ പ്രദേശത്ത് ചക്രവാതച്ചുഴിയുടെ സാന്നിധ്യമാണ് സാഹചര്യം കൂടുതല്‍ വഷളാക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിനായി മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുരിതബാധിത ജില്ലകളില്‍ നിരീക്ഷണത്തിനായും മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാനും ആളുകളെ ഒഴിപ്പിക്കാനും ബോട്ടുകള്‍ സജ്ജമാക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our Whatsapp