ചെന്നൈ • മദ്രാസ് ഐഐടിയിൽ ക്ലാസ് കഴിഞ്ഞു സൈക്കിളിൽ മടങ്ങിയ വിദ്യാർഥിനിക്കു നേരെയുണ്ടായ പീഡനശ്രമത്തിലെ പ്രതിയെ ഇനിയും കണ്ടത്താനായില്ല. 24ന് അർധരാത്രിയോടെ പുതിയ അക്കാദമിക് ബ്ലോക്കിനു സമീപമുള്ള ഇടറോഡിലാണു വിദ്യാർഥിനി അതിക്രമത്തിനിരയായത്. സൈക്കിളിൽ നിന്നു തള്ളിത്താഴെയിട്ടു കടന്നു പിടിക്കുകയായിരുന്നു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കുതറി രക്ഷപ്പെട്ട വിദ്യാർഥിനി പരിഭ്രമിച്ച് ചോരയൊലിക്കുന്ന മുറിവുകളോടെയാണു ഹോസ്റ്റൽ മുറിയിലെത്തിയത്.സംഭവം നടന്നു രണ്ടു ദിവസത്തിനു ശേഷം സുഹൃത്ത് സ്റ്റുഡന്റ് ഡീന് ഇ-മെയിൽ വഴി നൽ കിയ പരാതിയിലൂടെയാണു സംഭവം പുറത്തറിഞ്ഞത്. പരാതി കിട്ടിയ ഉടനെ അന്വേഷണം തുടങ്ങിയെന്നാണ് ഐഐടിയുടെ വിശദീകരണം.
സിസിടിവി ക്യാമറകളെല്ലാം പരിശോധിച്ചെങ്കിലും സൂചനയൊഒന്നും ലഭിച്ചില്ല. സംഭവ ദിവസം ജോലിയിലുണ്ടായിരുന്ന 35 നിർമാണത്തൊഴിലാളികളെ തിരിച്ചറിയൽ പരേഡിനു വിധേയരാക്കി.അതേസമയം പരാതി ലഭിച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലിസിനു കൈമാറാൻ ഐഐടി തയാറായിട്ടില്ലെന്നാണ് ആരോപണം.
പൊലീസിൽ പരാതി നൽകാൻ വിദ്യാർഥിനിക്കു താൽപര്യമില്ലാത്തിനാലാണു പരാതി കൈമാറാത്തതെന്നാണു വിശദീകരണം. 617 ഏക്കറോളം വിസ്തുതിയുള്ള ക്യാംപസിൽ കൂടുതൽ സുരക്ഷയ്ക്കായി മറ്റൊരാൾക്കൊപ്പം ചേർന്നു സഞ്ചരിക്കുന്ന ‘ബഡി സംവിധാനം നടപ്പാക്കാൻ ഡീൻ വിദ്യാർഥികളോട് ആവശ്യപെട്ടിട്ടുണ്ട്.