ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജ രാജ്യസഭാ എംപിയായി കടവുൾ’ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. പതിവ് വേഷമായ വെള്ള വസ്ത്രത്തിൽ തന്നെയെത്തിയ ഇളയരാജ തമിഴിലാണു സത്യപ്രതിജ്ഞ ചെയ്തത്.ഗാനങ്ങൾ ചിട്ടപ്പെടുത്തുന്ന ശൈലിയിൽ ഇടയ്ക്ക് കൈകൾ ചലിപ്പിച്ചായിരുന്നു പ്രതിജ്ഞ വായന.
രാജ്യസഭാ ഡപ്യൂട്ടി സ്പീക്കർ ഹരിവംശ് നാരായൺ സിങ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിജ്ഞ പൂർത്തിയായതോടെ അംഗങ്ങൾ മേശയിലടിച്ച് ഇളയരാജയെ അനുമോദിച്ചു.കായികം, സാമൂഹിക സേവനം, കല, സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന 12 പേരെ രാജ്യസഭയിലേക്കു നാമനിർദേശം ചെയ്ത് രാഷ്ട്രപതി നിയമിക്കുന്നതിൽ ഒരാളായാണ് ഇളയരാജയും തിരഞ്ഞെടുക്കപ്പെട്ടത്.
സംഘത്തിലെ പി.ടി.ഉഷ അടക്കമുള്ളവർ കഴിഞ്ഞ തിങ്കളാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ ചുമതലയേറ്റിരുന്നു.യുഎസിൽ സംഗീത പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാൽ അന്ന് ഇളയരാജയ്ക്ക് സഭയിലെത്താനായിരുന്നില്ല.