Home Featured ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്‌നാട്ടില്‍ വീണ്ടും ക്ഷേത്രം പൂട്ടി സീല്‍ചെയ്തു

ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചു; തമിഴ്‌നാട്ടില്‍ വീണ്ടും ക്ഷേത്രം പൂട്ടി സീല്‍ചെയ്തു

by jameema shabeer

ചെന്നൈ: ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും ക്ഷേത്രം അടപ്പിച്ച്‌ തമിഴ്‌നാട് സര്‍ക്കാര്‍.തമിഴ്‌നാട്ടിലെ കാരൂര്‍ ജില്ലയില്‍ ദലിത് വിഭാഗക്കാര്‍ക്ക് പ്രവേശനം തടഞ്ഞ ക്ഷേത്രമാണ് ഉദ്യോഗസ്ഥരെത്തി സീല്‍ ചെയ്ത് പൂട്ടിയത്. ദിവസങ്ങള്‍ക്കുമുൻപ് ജാതിവിവേചനത്തിന്റെ പേരില്‍ വില്ലുപുരത്തും ക്ഷേത്രം പൂട്ടിച്ചിരുന്നു.

കാരൂരിലെ വീരനാംപട്ടയിലുള്ള ശ്രീകാളിയമ്മൻ ക്ഷേത്രത്തിന്റെതിരെയാണ് നടപടി. ഊരാളി ഗൗണ്ടര്‍ സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശമാണിത്. വൈശാഖം ഉത്സവത്തിനിടെ കഴിഞ്ഞ ജൂണ്‍ ഏഴിന് ക്ഷേത്രത്തില്‍ പ്രവേശിച്ച ദലിത് യുവാവായ പി. ശക്തിവേലിനെ പൂജാരിയും ക്ഷേത്രം അധികൃതരും ചേര്‍ന്ന് കൈയേറ്റം ചെയ്യുകയും വലിച്ചിഴത്ത് പുറത്താക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

ക്ഷേത്രത്തില്‍ കൈയേറ്റം ചെയ്യുകയും പ്രവേശനം നിഷേധിക്കുകയും ചെയ്ത സംഭവത്തില്‍ ശക്തിവേല്‍ പൊലീസില്‍ പരാതി നല്‍കി. നൂറുകണക്കിനു ദലിതുകള്‍ ക്ഷേത്രത്തിലേക്ക് പ്രതിഷേധവുമായെത്തി. ഇതിനെതിരെ ഗൗണ്ടര്‍ സമുദായക്കാര്‍ ക്ഷേത്രത്തിനുമുന്നില്‍ നിലയുറപ്പിക്കുകയും ചെയ്തു. ഇതു സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയതോടെ റവന്യു ഉദ്യോഗസ്ഥര്‍ ഇടപെടുകയായിരുന്നു.

ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ‘ഉയര്‍ന്ന’ ജാതിക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഇവര്‍ വഴങ്ങിയില്ല. ദലിതരെ ക്ഷേത്രത്തില്‍ കയറ്റാനാകില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ചുനിന്നു. ഇതോടെയാണ് ഉദ്യോഗസ്ഥരെത്തി ക്ഷേത്രം പൂട്ടി സീല്‍വച്ചത്.

തങ്ങളുടെ ക്ഷേത്രമാണിതെന്നും പരിപാലനമടക്കം എല്ലാം നോക്കിനടത്തുന്നത് തങ്ങളാണെന്നുമാണ് ഗൗണ്ടര്‍ സമുദായത്തിന്റെ വാദം. ഒരു സമുദായത്തോടും വിവേചനമില്ലെന്നും വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരം സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. എന്നാല്‍, സര്‍ക്കാര്‍ പുറമ്ബോക്കുഭൂമിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നെന്ന് ദലിത് വിഭാഗക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ദലിതരായതിന്റെ പേരില്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാൻ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വില്ലുപുരത്തെ മേല്‍പതിയിലുള്ള ധര്‍മരാജ ദ്രൗപദി അമ്മൻ ക്ഷേത്രം ജാതിവിവേചനത്തെ തുടര്‍ന്ന് അധികൃതര്‍ പൂട്ടി സീല്‍വച്ചത്. ദലിതര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന തടഞ്ഞതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് റവന്യു ഉദ്യോഗസ്ഥരെത്തി നടപടിയെടുത്തത്.

You may also like

error: Content is protected !!
Join Our Whatsapp