ചെന്നൈ : തഞ്ചാവൂർ മേൽപാലത്തിനു സമീപമായി കയ്യേറിയ സ്ഥലത്തു സ്ഥാപിച്ച് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ ക്ഷേത്രം തഞ്ചാവൂർ കോർപറേഷൻ അധികൃതർ പൊളിച്ചു മാറ്റി. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി തഞ്ചാവൂർ കോർപറേഷനിൽ റോഡ് വികസന പ്രവർത്തനങ്ങളോട് അനുബന്ധിച്ചാണു ക്ഷേത്രം പൊളിച്ചത്. റോഡ് നവീകരണവും ഓടകൾ നിർമിച്ച് അവയ്ക്കു മുകളിൽ നടപ്പാതകൾ ഒരുക്കുന്ന ജോലിയും പുരോഗമിക്കു കയാണ്.
ഇതിനായി തഞ്ചാവൂർ ഭാഗത്തെ കയ്യേറ്റങ്ങൾ കോർപറേഷൻ അധികൃതർ നീക്കം ചെയ്തു. കൊങ്കണേശ്വരർ ക്ഷേത്രത്തിന് സമീപം ജയലളിതയുടെ ഛായാ ചിത്രം വച്ചാണ് ക്ഷേത്രം നിർമിച്ചിരുന്നത്. റോഡിലെ മലിനജലഓട കയ്യേറിയാണു ക്ഷേത്രം നിർമിച്ചതെന്ന പരാതിയിൽ കോർപറേഷൻ ഉദ്യോഗസ്ഥരെത്തി ക്ഷേത്രം പൊളിച്ചുനീക്കുകയായിരുന്നു. മുൻ കൗൺസിലറും അണ്ണാഡിഎംകെ അസംബ്ലി സെക്രട്ടറിയുമായ സ്വാമിനാഥനാണ് 2017ൽ ക്ഷേത്രം പണിഞ്ഞത്.