ചെന്നൈ: ഹിജാബ് വിഷയത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ഡി.എം.കെ എം.പി കനിമൊഴിയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും. ബി.ജെ.പി ആളുകളെ തമ്മിലടിപ്പിക്കുകയാണെന്നും, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ളതെന്തും ധരിക്കാനുള്ള അവകാശമുണ്ടെന്നും ആരും അതില്‍ കൈകടത്താന്‍ ശ്രമിക്കേണ്ടെന്നും കനിമൊഴി പറഞ്ഞു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കനിമൊഴി.
‘മതത്തിന്റെ പേരില്‍ ആളുകളെ തമ്മിലടിപ്പിക്കുന്നത് കഷ്ടമാണ്. എന്ത് ധരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ട്. ഇത് കൂടുതലാണോ കുറവാണോ എന്ന് തീരുമാനിക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല,’-കനിമൊഴി പറയുന്നു.
ബി.ജെ.പിയുടെ ഇത്തരം നിലപാടിനോട് ഒരു തരത്തിലും യോജിക്കാന്‍സാധിക്കില്ലെന്നായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് പറഞ്ഞത്.
‘എല്ലായ്പ്പോഴും ബി.ജെ.പി ഇതുതന്നെയാണ് ചെയ്യുന്നത്. ബി.ജെ.പിയുടെ ഇത്തരം നിലപാടിനോട് ഒരിക്കലും യോജിക്കാനാവില്ല. എന്തിനെ തള്ളണമെന്നും എന്തിനെ കൊള്ളണമെന്നും തമിഴ്നാട്ടിലെ ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. തമിഴ്നാട്ടിലെ ജനങ്ങള്‍ ഇതൊരിക്കലും അംഗീകരിക്കില്ല,’ ഉദയനിധി സ്റ്റാലിന് പറയുന്നു.
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മധുര മേലൂരിലെ പോളിങ് ബൂത്തിലാണ് മുസ്ലിം വനിത വോട്ടര്‍മാരോട് ഹിജാബ് അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി ബൂത്ത് ഏജന്റ് ബഹളംവെച്ചത്. ഇതുമൂലം വോട്ടെടുപ്പ് അര മണിക്കൂറോളം നിര്‍ത്തിവെച്ചു. ശനിയാഴ്ച സംസ്ഥാനമൊട്ടുക്കും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്.
മധുര മേലൂര്‍ നഗരസഭ എട്ടാം വാര്‍ഡിലെ അല്അമീന് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബൂത്തിലാണ് സംഭവം. ബി.ജെ.പി ബൂത്ത് ഏജന്റായ ഗിരിരാജനാണ് സ്ത്രീ വോട്ടര്‍മാര്‍ ഹിജാബ് ധരിച്ചെത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ഹിജാബിന്റെ മറവില്‍ കള്ളവോട്ട് നടക്കാന്‍ സാധ്യതയുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു. ബൂത്തില്‍ തര്‍ക്കം മുറുകിയതോടെ വോട്ടെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. മധുരയിലെ മുസ്ലിംഭൂരിപക്ഷ പ്രദേശമാണ് മേലൂര്‍.
മതവേഷം ധരിച്ചുവരുന്നതില് എതിര്‍പ്പില്ലെന്ന് ബൂത്തിലെ മറ്റു രാഷ്ട്രീയകക്ഷികളുടെ ഏജന്റുമാര്‍ പറഞ്ഞതോടെ ഗിരിരാജനെ പോളിങ് സ്റ്റേഷന് അധികൃതരും പൊലീസും ചേര്‍ന്ന് പുറത്താക്കി. ഇയാള്‍ പ്രതിഷേധം തുടര്‍ന്നതോടെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മതവേഷം ധരിച്ച് വോട്ട് ചെയ്യാന്‍ വരുന്നതിന് വിലക്കില്ലെന്നും മധുര ജില്ല കലക്ടറോട് വിശദീകരണമാവശ്യപ്പെട്ടതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ പളനികുമാര്‍ പറഞ്ഞിരുന്നു.