ചെന്നൈ : വിൽപനയ്ക്കായി കേരളത്തിലേക്ക് എത്തിക്കുന്ന പച്ചക്കറികളിലെ കീടനാശിനി പ്രയോഗം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കേരളം തമിഴ്നാടിനു നിവേദനം നൽകി. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന ജൈവവളങ്ങളിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോർട്ടും സ്റ്റാലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
കൃഷി വകുപ്പിന്റെ മേൽ നോട്ടത്തിലുള്ള കേരള അഗ്രോമെഷിനറി കോർപറേഷനിൽ കാംകോ) നിർമിക്കുന്ന കാർഷിക യന്ത്രങ്ങൾ തമിഴ്നാട് കൃഷി വകുപ്പ് വഴി വിൽപന നടത്തുന്നതു സംബന്ധിച്ചും മുഖ്യമന്ത്രിക്കു നിവേദനം നൽകിയതായി കേരള കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു.സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറിലേക്കു ക്ഷണിക്കാനായി എംകെ സ്റ്റാലിനെ സന്ദർശിച്ചപ്പോഴാണ് കൃഷി മന്ത്രി കേരളത്തിന്റെ ആവശ്യം അറിയിച്ചത്.
ഭക്ഷ്യ പൊതു വിതരണ മന്ത്രി ജി.ആർ.അനിലും പ്രസാദിനൊപ്പമുണ്ടായിരുന്നു. ഓണത്തിന് തമിഴ്നാട്ടിൽ പൂർണമായും അവധി പ്രഖ്യാപിക്കണമെന്ന മലയാളി സംഘടനകളുടെ ആവശ്യം കേരള മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നു ജി. ആർ.അനിൽ പറഞ്ഞു.