Home Featured ഉത്തരേന്ത്യക്കാർക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണമെന്ന പ്രചാരണം പൊളിഞ്ഞു

ഉത്തരേന്ത്യക്കാർക്ക് നേരെ തമിഴ്നാട്ടിൽ ആക്രമണമെന്ന പ്രചാരണം പൊളിഞ്ഞു

by jameema shabeer

ചെന്നൈ: തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്നവർക്ക് നേരെ വ്യാപക ആക്രമണം നടക്കുന്നുവെന്ന വ്യാജ പ്രചാരണം പൊളിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽമീഡിയകളിലായിരുന്നു തമിഴ്നാടിനെതിരെ വ്യാപക വിദ്വേഷ പ്രചാരണമുണ്ടായത്. ബിഹാർ സ്വദേശിയായ പവൻ യാദവ് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പ്രചാരണം ആരംഭിച്ചത്. ഇയാളെ കൊലപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ ഉത്തരേന്ത്യക്കാരെ ഉന്നംവെച്ച് ആക്രമണം നടക്കുകയാണെന്ന പ്രചാരണമുണ്ടായി. എന്നാൽ, കൊലയാളിയെ ജാർഖണ്ഡിൽ നിന്ന് പിടികൂടിയതായി തമിഴ്നാട് പൊലീസ് അറിയിച്ചു. ജാർഖണ്ഡ് സ്വദേശിയായ ഉപേന്ദ്ര ധാരി എന്നയാളാണ് അറസ്റ്റിലായത്. വ്യക്തിവൈരാ​ഗ്യത്തെ തുടർന്നാണ് കൊലപാതകമെന്നും പൊലീസ് പറഞ്ഞു. ഇയാൾ പവൻ യാദവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. 

 പ്രതിയെ ജാർഖണ്ഡിലെ ധൻബാദിൽ നിന്ന് വ്യാഴാഴ്ച അറസ്റ്റ് ചെയ്തതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ടെക്‌സ്‌റ്റൈൽ ഹബ്ബായ തിരുപ്പൂരിൽ സ്ഥിരതാമസമാക്കിയ ഉപേന്ദ്ര ധാരി ഏതാനും ആഴ്ചകൾക്ക് മുമ്പാണ് വ്യക്തിവൈരാഗ്യം മൂലം പവൻ യാദവിനെ കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. യാദവിന്റെ ദാരുണമായ കൊലപാതകത്തിന്റെ വീഡിയോ. ഹിന്ദി സംസാരിക്കുന്ന തൊഴിലാളികളെ പ്രാദേശിക എതിരാളികൾ ലക്ഷ്യമിടുന്നുവെന്ന അവകാശവാദത്തോടെയാണ് സോഷ്യൽമീഡിയകളിൽ പ്രചരിച്ചത്. തുടർന്ന് വലിയ വിവാദമുണ്ടായി. രാഷ്ട്രീയ നേതാക്കൾ അടക്കം സംഭവത്തിൽ രൂക്ഷമായ പ്രതികരണം നടത്തി. എന്നാൽ വ്യക്തിവൈരാ​ഗ്യത്തിന്റെ പേരിൽ ബിഹാർ സ്വദേശിയെ ജാർഖണ്ഡ് സ്വദേശി കൊലപ്പെടുത്തിയെന്ന് പൊലീസ് വ്യക്തമാക്കിയതോടെ സർക്കാറിന് ആശ്വാസമായി. 

അതേസമയം, ബിഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികൾ തമിഴ്‌നാട്ടിൽ ആക്രമിക്കപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിച്ചതിന് ബീഹാർ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. കുടിയേറ്റ തൊഴിലാളികൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ വ്യാജ വീഡിയോയുമായി ബന്ധപ്പെട്ട് ജാമുയി ജില്ലയിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായി എഡിജി പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് ജിതേന്ദ്ര സിംഗ് ഗംഗാവാർ പറഞ്ഞു. പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കേസിൽ നാലുപേരെ പ്രതി ചേർത്തിട്ടുണ്ട്. ജാമുയി സ്വദേശി അമൻ കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണിൽ നിന്ന് ഇത്തരത്തിലുള്ള നിരവധി വീഡിയോകൾ കണ്ടെടുത്തതായി പൊലീസ് പറയുന്നു.

You may also like

error: Content is protected !!
Join Our Whatsapp