ചെന്നൈ • ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ വേണ്ടത്ര പങ്കാളിത്തമില്ലാത്തതിൽ പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വേദി വിട്ടു. പകർച്ചപ്പനി നിയന്ത്രിക്കുന്നതു സംബന്ധിച്ചു സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ നിന്നാണ് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ ഇറങ്ങിപ്പോയത്.
പനി നിയന്ത്രിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്യാംപുകളുടെ പ്രവർത്തനം ഊർജിതമാക്കുന്നതിനും ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുമാണ് എഗ്മൂറിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചത്. ആയിരത്തോളം ആരോഗ്യപ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 500ൽ താഴെ ആളുകൾ മാത്രമാണ് പങ്കെടുക്കാൻ എത്തിയത്. കൃത്യമായ ക്രമീകരണങ്ങളോടെ പരിപാടി വീണ്ടും നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.