ചെന്നൈ: രാജ്യത്തെ ആദ്യ സമ്ബൂര്‍ണ സ്വകാര്യ ട്രെയിന്‍ സര്‍വിസ് ചൊവ്വാഴ്ച തുടങ്ങി. കോയമ്ബത്തൂര്‍- ഷിര്‍ദി റൂട്ടിലായിരുന്നു (1458 കിലോമീറ്റര്‍) ആദ്യ സര്‍വിസ്. ഇന്ത്യന്‍ റെയില്‍വേയുടെ ഭാരത് ഗൗരവ് ട്രെയിന്‍ പദ്ധതിയുടെ ഭാഗമാണിത്. സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുടെ സഹകരണത്തോടെയാണ് സര്‍വിസ് നടത്തുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറിന് കോയമ്ബത്തൂര്‍ നോര്‍ത്ത് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 7.25ന് മഹാരാഷ്ട്രയിലെ ഷിര്‍ദിയിലെത്തും.
അതേസമയം, എക്‌സ്‌പ്രസ് ട്രെയിന്‍ റൂട്ടുകള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് വിട്ടുനല്‍കുന്ന കേന്ദ്രനയത്തിനെതിരെ വിവിധ റെയില്‍വേ തൊഴിലാളി സംഘടനകള്‍ പ്രതിഷേധിച്ചു. ദക്ഷിണ റെയില്‍വേ മസ്ദൂര്‍ യൂനിയന്‍ (എസ്.ആര്‍.എം.യു) ചൊവ്വാഴ്ച കോയമ്ബത്തൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ ധര്‍ണ നടത്തി. കരിദിനമായി പ്രഖ്യാപിച്ച് കറുത്തവസ്ത്രം ധരിച്ചാണ് തൊഴിലാളികള്‍ ധര്‍ണയില്‍ പങ്കെടുത്തത്.
സതേണ്‍ റെയില്‍വേ എംപ്ലോയീസ് യൂനിയനും (സി.ഐ.ടി.യു) ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷനും ഉള്‍പ്പെടെ വിവിധ യൂനിയനുകള്‍ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.