Home Featured ലിയോയുടെ പോസ്റ്റര്‍ വിവാദത്തില്‍; നടന്‍ വിജയ്‌ക്കെതിരെ പിഎംകെ

ലിയോയുടെ പോസ്റ്റര്‍ വിവാദത്തില്‍; നടന്‍ വിജയ്‌ക്കെതിരെ പിഎംകെ

by jameema shabeer

ചെന്നൈ: നടൻ വിജയ്‌യുടെ വരാനിരിക്കുന്ന ചിത്രമായ ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ എതിര്‍പ്പുമായി പട്ടാളി മക്കൾ കച്ചി (പിഎംകെ) പ്രസിഡന്‍റും എംപിയുമായ അൻപുമണി രാമദോസ് രംഗത്ത്. പോസ്റ്ററിലെ വിജയിയുടെ ചിത്രം പുകവലിക്കുന്ന രീതിയിലാണ് അതാണ് പിഎംകെ നേതാവിനെ ചൊടിപ്പിച്ചത്. നിരവധി കുട്ടികളും ചെറുപ്പക്കാരും വിജയ്‌യുടെ സിനിമ കാണുന്നതിനാൽ  പുകവലിക്കുന്നത് തടയാനുള്ള സാമൂഹിക ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ടെന്ന് അന്‍പുമണി രാമദോസ് ട്വീറ്റ് ചെയ്തു.

“നടൻ വിജയ് സിനിമകളിൽ പുകവലി ഒഴിവാക്കണം. ലിയോ സിനിമയുടെ പോസ്റ്ററിൽ നടൻ വിജയ് പുകവലിക്കുന്നതായി കാണുന്നത് സങ്കടകരമാണ്. കുട്ടികളും വിദ്യാർത്ഥികളും അദ്ദേഹത്തിന്റെ സിനിമകൾ കാണുന്നു. അദ്ദേഹത്തെ കണ്ട് അവര്‍ പുകവലിക്കാന്‍ ഇടയാകരുത്. പുകവലിയിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാനുള്ള സാമൂഹിക ഉത്തരവാദിത്തം വിജയിക്കുണ്ട്. നിയമവും അതുതന്നെയാണ് പറയുന്നത്. 2007ലും 2012ലും വാഗ്ദാനം ചെയ്തതുപോലെ സിനിമകളിലെ പുകവലി രംഗങ്ങളിൽ നിന്ന് വിജയ് വിട്ടുനിൽക്കണം” -അന്‍പുമണി രാമദോസിന്‍റെ ട്വീറ്റ് പറയുന്നു.

വിജയ്‌യുടെ പോക്കിരി റിലീസായപ്പോൾ പി‌എം‌കെ സമാനമായ വിമർശനം ഉയര്‍ത്തിയിരുന്നു. അതിനെ തുടര്‍ന്ന് സിനിമകളിൽ പുകവലി ഒഴിവാക്കുമെന്ന് വിജയ് അറിയിച്ചിരുന്നു.  കുറച്ചുകാലം സിനിമകളിൽ വിജയ് ഇത് പാലിച്ചു. എന്നാല്‍ 2011ൽ വീണ്ടും തുപ്പാക്കിയുടെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വിജയ് അതിൽ ചുരുട്ട് വലിക്കുന്നതായി കാണിച്ചത് വീണ്ടും വിവാദമായി. അന്നും നടന്‍ വിശദീകരണം നല്‍കി. അതിന് പിന്നാലെയാണ് ഇപ്പോള്‍ ലിയോ പോസ്റ്ററിലൂടെ താരം വീണ്ടും വിവാദത്തിൽ പെട്ടിരിക്കുന്നത്. 

അന്‍പുമണി രാമദോസിന്‍റെ പിതാവും പിഎംകെ സ്ഥാപകനായ എസ് രാമദോസ് മുന്‍പും തമിഴ് സിനിമാ താരങ്ങളുടെ സിനിമയിലെ പുകവലി രംഗങ്ങള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ വിമര്‍ശനത്താല്‍ ബാബ എന്ന ചിത്രത്തില്‍ രജനീകാന്ത് പുകവലി രംഗങ്ങൾ ഒഴിവാക്കിയിരുന്നു. തുടര്‍ന്നുള്ള ചിത്രങ്ങളില്‍ രജനി പുകവലിച്ചില്ല. എന്നാല്‍ കാർത്തിക് സുബ്ബരാജിന്റെ പേട്ടയില്‍ ഒരു രംഗത്തില്‍ രജനീകാന്ത് പുകവലിക്കുന്ന രംഗം ഉണ്ട്. എന്നാൽ സിഗരറ്റ് ഒന്ന് വലിച്ചെടുത്ത ശേഷം, “ഉടമ്പുക്കു നല്ലതു ഇല്ല, അനുഭവത്തുല സോൾരേൻ (ഇത് ആരോഗ്യത്തിന് നല്ലതല്ല, അനുഭവത്തിൽ നിന്ന് പറയുന്നു) എന്ന ഉപദേശത്തോടെ സിഗിരറ്റ്   വിജയ് സേതുപതിയുടെ കഥാപാത്രത്തിന് കൈമാറുകയായിരുന്നു. ആ രംഗം ഏറെ പ്രശംസ നേടിയിരുന്നു. അതുപോലെ മാരി എന്ന ചിത്രത്തില്‍ പുകവലിക്കുന്ന രംഗത്തിന്‍റെ പേരിൽ നടൻ ധനുഷിനെതിരെയും പിഎംകെ രംഗത്ത് വന്നിരുന്നു. 

You may also like

error: Content is protected !!
Join Our Whatsapp