ലോക്ഡൗണ്‍ ഇളവുകള്‍ ബുധനാഴ്ച പ്രാബല്യത്തില്‍ വരുന്നതോടെ തമിഴ്‌നാട്ടില്‍ ജനജീവിതം സാധാരണനിലയിലേക്കെത്തും. സിനിമാതിയേറ്ററുകളില്‍ മുഴുവന്‍ സീറ്റിലും കാണികളെ പ്രവേശിപ്പിക്കാം. ഹോട്ടലുകളിലും മറ്റു കടകളിലും 50 ശതമാനം ആളുകളെന്ന നിയന്ത്രണം നീക്കി.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നഴ്‌സറി ക്ലാസുകള്‍ ബുധനാഴ്ച തുടങ്ങും. ഇതോടെ എല്‍.കെ.ജി., യു.കെ.ജി. ക്ലാസുകളും പ്ലേ സ്കൂളുകളും പ്രവര്‍ത്തനം തുടങ്ങും. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 100-ല്‍നിന്ന് 200-ആയും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50-ല്‍നിന്ന് 100-ആയും ഉയര്‍ത്തി.
രാഷ്ട്രീയ-മത-സാംസ്കാരിക സമ്മേളനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരും. നാമമാത്ര നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചത്. പുതിയ ഇളവുകളോടെ മാര്‍ച്ച് രണ്ടുവരെ ലോക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്.