ചെന്നൈ : മുൻ അണ്ണാഡിഎം കെ മന്ത്രി ഡി.ജയകുമാറിന്റെ മകളുടെ ഉടമസ്ഥതയിലുള്ള ഓഡി റ്റോറിയത്തിലെ ലിഫ്റ്റ് തകർന്നു വീണ് ഒരാൾ മരിച്ചു. സംഭവത്തിൽ ജയകുമാറിന്റെ മകൾ ജയപ്രിയ ഉൾപ്പെടെ 4 പേർക്കെതിരെ കേസെടുത്തു. തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലാണു ജയപ്രിയയുടെ ഉടമസ്ഥതയിലു ള്ള രണ്ടു നില കല്യാണഹാൾ.രണ്ടാം നിലയിലാണു ഭക്ഷണം വിളമ്പുക താഴത്തെ നിലയിൽ പാചകം ചെയ്ത് ഭക്ഷണം ഒന്നാം നിലയിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.
കഴിഞ്ഞ വെള്ളിയാഴ്ച ഈ ഹാളിൽ കേറ്ററിങ് ജോലിക്കെത്തിയ 3 പേർ ലിഫ്റ്റിൽ ഭക്ഷണ സാധനങ്ങൾ കൊണ്ടുപോകുന്നതിനിടെ റോപ്പ് പൊട്ടി ലിഫ്റ്റ് തകർന്നു വീണു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് ഒരാൾ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഇതോടെ കല്യാണമണ്ഡപം മാനേജർ തിരുനാവുക്കരശു, സൂപ്പർവൈസർ വെങ്കിടേഷ്, ലിഫ്റ്റ് ഓപ്പറേറ്റർ കാക്കൻ എന്നിവരെ അറസ്റ്റ് ചെയ്തു. ജയകുമാറിന്റെ മകൾ ജയപ്രിയയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇവർ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.