തമിഴ്‌നാട്ടില്‍ വിവിധ മേഖലകളില്‍ കോടികളുടെ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. സംസ്ഥാനത്ത് 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് യൂസുഫലിയുടെ പ്രഖ്യാപനം.
യു.എ.ഇയില്‍ ചതുര്‍ദിന സന്ദര്‍ശനത്തിനെത്തിയ സ്റ്റാലിന്‍ നിക്ഷേപക സംഗമം വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണ് എം.എ യൂസുഫലി കോടികളുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചത്. തമിഴ്‌നാട്ടില്‍ രണ്ട് ഷോപ്പിങ് മാള്‍, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് എന്നിവ നിര്‍മിക്കാനാണ് ലുലു പദ്ധതിയിടുന്നത്.
രണ്ട് മാളുകളിലുമായി 5,000 പേര്‍ക്കാണ് തൊഴിലവസരം ലഭിക്കുകയെന്ന് യൂസുഫലി പറഞ്ഞു. മാളുകളുടെ നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കും. നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ തമിഴ്‌നാട് സര്‍ക്കാരുമായി എം.ഒ.യുവില്‍ ഒപ്പുവയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.