ചെന്നൈ ∙ കുട്ടികളിലും മുതിർന്നവരിലും ആശങ്ക പടർത്തി ചെങ്കണ്ണ് (മദ്രാസ് ഐ) വ്യാപനം. ചെങ്കണ്ണ് ബാധിച്ച് സ്കൂളിൽ നിന്നും ജോലിയിൽ നിന്നും അവധി എടുക്കുന്നവരുടെയും ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണം വർധിച്ചിട്ടുണ്ട്. ചെന്നൈയിൽ എല്ലാ വർഷവും സെപ്റ്റംബറിൽ ചെങ്കണ്ണ് വ്യാപനം ഉണ്ടാകാറുണ്ടെന്നു ഡോക്ടർമാർ പറയുന്നു. ആശങ്ക വേണ്ടെന്നും സ്വയം പ്രതിരോധം സ്വീകരിക്കണമെന്നും ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.
അഡിനോ വൈറസ് ബാധയെ തുടർന്ന് കണ്ണിലെ കൺജക്റ്റൈവയ്ക്കുണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. കണ്ണീർ, കണ്ണിൽ സ്പർശിക്കുന്ന കൈകൾ, തുടയ്ക്കാൻ ഉപയോഗിക്കുന്ന തുണി എന്നിവയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പടരാം. കണ്ണുവേദന, ചൊറിച്ചിൽ, വെള്ളം ഒലിക്കൽ, കടുത്ത ചുവപ്പ് നിറം, കണ്ണിനു വീക്കം, കണ്ണുകൾ തുറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാമാണ് ലക്ഷണങ്ങൾ. രോഗം അനുഭവപ്പെട്ടാൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
സ്കൂളുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലാണ് അസുഖം കൂടുതലും പകരുന്നത്. രോഗം പകരുന്നത് തടയുന്നതിന് അസുഖം മാറുന്നത് വരെ പൂർണമായി വിശ്രമിക്കുന്നതാണ് അഭികാമ്യം. കണ്ണിൽ സ്പർശിച്ചാൽ കൈ ഉടൻ തന്നെ സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസ് ചെയ്തോ വൃത്തിയാക്കണം. വീട്ടിൽ ഒരാൾക്കു ചെങ്കണ്ണ് വന്നാൽ മറ്റംഗങ്ങൾക്കും ബാധിക്കാൻ സാധ്യത കൂടുതലാണ്. മിക്കവർക്കും ഒരാഴ്ച കൊണ്ടു ഭേദമാകും.
ഇന്ത്യയിൽ എല്ലായിടത്തും ചെങ്കണ്ണ് ബാധിക്കുമെങ്കിലും ചെങ്കണ്ണിനു കാരണമായ അഡിനോ വൈറസ് 1918ൽ ചെന്നൈയിൽ (അന്നത്തെ മദ്രാസ്) ആദ്യമായി കണ്ടെത്തിയതിനെ തുടർന്നാണ് മദ്രാസ് ഐ എന്നു വിളിക്കുന്നത്. ബ്രിട്ടിഷ് കാലത്താണ് ഈ പേര് നൽകിയത്.
∙ വിദ്യാർഥികൾക്ക് പ്രത്യേക പരിശോധന
സംസ്ഥാനത്തെ മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും 16 മുതൽ 25 വരെ നേത്ര പരിശോധനയ്ക്കായി സ്പെഷൽ ക്യാംപുകൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു. വീട്ടിലും രോഗബാധയുള്ളവരുടെ സാധനങ്ങൾ പങ്കിടാൻ പാടില്ല. രോഗബാധയുള്ളവർ തിരക്കേറിയ സ്ഥലങ്ങളിൽ പോകരുത്.