ചെന്നൈ • സഹനടനെ ആക്രമിച്ചെന്ന പേരിൽ നടൻ വിജയ് സേതുപതിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിജയ് സേതുപതിയും മാനേജർ ജോൺസണും ജാതിപ്പേരു വിളിച്ച് അപ്മാനിച്ചെന്നും മർദിച്ചെന്നും ആരോപിച്ചു നടൻ മഹാഗാന്ധി നൽകിയ പരാതിയിൽ ചെന്നൈ പൊലീസ് റജിസ്റ്റർ ചെയ്ത കേസാണു മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത്.
കഴിഞ്ഞ നവംബർ 2നു വിജയ് സേതുപതിയെ ബെംഗളൂരു വിമാനത്താവളത്തിൽ ഒരാൾ ആക്രമിച്ചിരുന്നു.ഈ ദൃശ്യങ്ങൾ പുറത്ത് വന്ന് ദിവസങ്ങൾക്കു ശേഷം സഹയാത്രികനായിരുന്ന വിജയ് സേതുപതി തന്നെയാണ് ആക്രമിച്ചതെന്നാരോപിച്ചു മഹാഗാന്ധി കോടതിയെ സമീപിക്കുകയായിരുന്നു.
വിജയ് സേതുപതിയുടെ നേട്ടങ്ങളെ അഭിനന്ദിക്കാൻ ശ്രമിച്ചപ്പോൾ മാനേജർ ജോൺസൺ ചെവിയിൽ അടിച്ചെന്നും പരസ്യമായി ജാതിപ്പേരു വിളിച്ച് അപമാനിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. വിഡിയോ ദൃശ്യങ്ങൾ സഹിതം വിജയ് സേതുപതി നൽകിയ തെളിവുകൾ സ്വീകരിച്ചാണു കോടതി കേസ് റദ്ദാക്കിയത്.