ചെന്നൈ • പരിശീലനം ലഭിച്ച പൊലീസുകാരാണോ ഉന്നത ഉദ്യോഗസ്ഥന്റെ വീട്ടിലെ നായയെ പരിപാലിക്കേണ്ടതെന്ന ചോദ്യവുമായി ഹൈക്കോടതി.വീട്ടുജോലികൾക്കായി കീഴുദ്യോഗസ്ഥരെ നിയോഗിക്കുന്നതായുള്ള (ഓർഡർലി) വിവരമോ പരാതിയോ ലഭിച്ചാൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ആദ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ഉടൻ നടപടിയെടുക്കണമെന്നും ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ഉത്തരവിട്ടു. 1979ൽ ഓർഡർലി സമ്പ്രദായം നിർത്തലാക്കിയെങ്കിലും പലയിടത്തും അതിപ്പോഴും തുടരുകയാനണ്.
തിരുനെൽവേലിയിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ 39 പേരെയാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട് പൊലീസിൽ ഓർഡർലി സംവിധാനം നിർത്തലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
എന്നാൽ, പ്രവർത്തനം തുടങ്ങിയാൽ മാത്രം പോരാ, ഇത്തരം രീതി നടത്തുന്ന ഉദ്യോഗസ്ഥരെ ഒറ്റ ഉത്തരവിൽ പിൻവലിക്കണമെന്നും അല്ലെങ്കിൽ, ഓൾ ഇന്ത്യ വർ റൂൾസ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
കൊളോണിയൽ മാനസികാവസ്ഥയാണ് ഇത് കാണിക്കുന്നത്. പൊലീസിൽ ഇപ്പോഴും ഓർഡർലി സമ്പദായം തുടരുന്നെങ്കിൽ അത് സർക്കാർ ഉത്തരവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.