Home ദത്തുനൽകിയ കുഞ്ഞിന് വേണ്ടി പെറ്റമ്മയും പോറ്റമ്മയും; പത്തുവയസുകാരിക്ക് രക്ഷയായി മദ്രാസ് ഹൈക്കോടതി വിധി

ദത്തുനൽകിയ കുഞ്ഞിന് വേണ്ടി പെറ്റമ്മയും പോറ്റമ്മയും; പത്തുവയസുകാരിക്ക് രക്ഷയായി മദ്രാസ് ഹൈക്കോടതി വിധി

by shifana p

ചെന്നൈ: ദത്തുനൽകിയ കുഞ്ഞിനെ തിരികെ വേണമെന്ന അമ്മയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. ഒമ്ബത് വർഷങ്ങൾക്ക് മുൻപ് ഭർതൃസഹോദരിക്ക് ദത്ത് നൽകിയ കുട്ടിയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് പോറ്റമ്മയ്ക്ക് അനുകൂലമായി കോടതി നിലപാടെടുത്തത്. അതേസമയം, അമ്മയ്ക്ക് ആഴ്ചയിലൊരിക്കൽ കുഞ്ഞിനൊപ്പം താമസിക്കാൻ കോടതി അനുമതി നൽകി. സേലം സ്വദേശിയായ ശരണ്യയാണ് മകളെ തിരിച്ചുവേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 2012ലാണ് ശരണ്യയുടെ സമ്മതത്തോടെ ഭർത്താവ് ശിവകുമാർ മൂന്നരമാസം പ്രായമുള്ള തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ കുട്ടികളില്ലാത്ത സഹോദരി സത്യയ്ക്ക് ദത്ത് നൽകിയത്. എന്നാൽ 2019-ൽ സത്യയുടെ ഭർത്താവ് രമേശ് മരണപ്പെട്ടതോടെ കുഞ്ഞിനെ തിരിച്ചുവേണമെന്ന് ശരണ്യ ആവശ്യപ്പെടുകയായിരുന്നു.

കുട്ടിയെ തിരികെ നൽകാൻ സത്യ തയ്യാറാകാതെ വന്നതോടെ വിഷയം ഇരുവീട്ടുകാരും തമ്മിലെ തർക്കമായി മാറുകയും കുട്ടിയെ അധികൃതർ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റുകയുമുണ്ടായി. ഇതോടെ ഹൈക്കോടതിയെ സമീപിച്ച ശരണ്യ കുട്ടിക്ക് മേൽ അവകാശമുന്നയിച്ചു. ഇതിനെതിരെ സത്യയും ഹർജി നൽകി. ഇരുഭാഗത്തെയും കേട്ട കോടതി പത്തു വർഷക്കാലം കുട്ടിയെ വളർത്തിയ പോറ്റമ്മയ്ക്ക് ഒപ്പം കുട്ടിയെ വിട്ടുകൊടുക്കാൻ വിധിക്കുകയായിരുന്നു. അതേസമയം, ആരുടെ കൂടെ പോകണമെന്ന കോടതിയുടെ ചോദ്യത്തിന് രണ്ടുപേരെയും വേണമെന്നായിരുന്നു കുഞ്ഞിന്റെ മറുപടി. ഇത് പരിഗണിച്ചാണ് അമ്മയ്ക്ക് ആഴ്ചയിലൊരിക്കൽ കുട്ടിയോടൊപ്പം താമസിക്കാമെന്ന് കോടതി നിർദേശിച്ചത്.

Leave a Comment

error: Content is protected !!
Join Our Whatsapp