പയ്യന്നൂര്‍: ആവശ്യത്തിന് ജനറല്‍ കമ്ബാര്ട്ട്മെന്റുകളില്ലാത്തതിനാല് മംഗളൂരു -ചെന്നൈ എഗ്മോര്‍ ട്രെയിനിലെ യാത്ര ജീവന് പണയപ്പെടുത്തി. നൂറുകണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഈ വണ്ടിയില്‍ രണ്ടര ജനറല്‍ കമ്ബാര്‍ട്ടുമെന്റുകള്‍ മാത്രമാണുള്ളത്.18 ബോഗികളുള്ള വണ്ടിയില്‍ ബാക്കിയെല്ലാം എ.സി. കോച്ചുകളാണ്. ഇതാണ് യാത്ര ദുരിതയാത്രയാവാന് കാരണമാവുന്നത്.
രാവിലെ 9.30ന് പയ്യന്നൂരില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്ക ദിവസങ്ങളിലും 9.45 ആവും സ്റ്റേഷനിലെത്താന്‍. കണ്ണൂരിലും മറ്റുമുള്ള ഓഫിസുകളിലെത്തേണ്ട യാത്രക്കാര്‍ക്ക് ചവിട്ടുപടികളില്‍ തൂങ്ങി യാത്രചെയ്യേണ്ട ഗതികേടാണ്.
വൈകുന്നതുകൊണ്ട് മറ്റു വണ്ടികള്‍ക്ക് പോകാനെത്തിയവരും ഈ വണ്ടിയില്‍ കയറുന്നതോടെ തിരക്ക് വര്‍ധിക്കും. പതിനാറോളം കമ്ബാര്‍ട്ടുമെന്റുകള്‍ കാലിയായി കിടക്കുമ്ബോഴാണ് ദുരവസ്ഥ. ഏറ്റവും പിറകിലുള്ള രണ്ടു കമ്ബാര്ട്ടുമെന്റുകളും ഒരു പകുതി ബോഗിയും മാത്രമാണ് ജനറല്‍ കമ്ബാര്‍ട്ടുമെന്റുകള്‍. ബസ് ചാര്‍ജ് വര്‍ധിച്ചതോടെ ട്രെയിനിനെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്.
ഇതും തിരക്ക് വര്‍ധിക്കാന്‍ കാരണമായതായി ബന്ധപ്പെട്ടവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ജനറല്‍ കമ്ബാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. ചുരുങ്ങിയത് അഞ്ച് ജനറല്‍ കമ്ബാര്ട്ടുമെന്റുകളെങ്കിലും ഉണ്ടായാല്‍ മാത്രമേ തിരക്ക് ഒഴിവാക്കാനാവൂ എന്ന് യാത്രക്കാര്‍ പറയുന്നു. പകല്‍ യാത്രക്കെങ്കിലും എണ്ണം കൂട്ടി യാത്രക്കാരുടെ ദുരിതം പരിഹരിക്കണമെന്നാണ് ആവശ്യം. കാഞ്ഞങ്ങാടു മുതല്‍ കോഴിക്കോടു വരെ വന്‍ തിരക്കാണ് ജനറല്‍ കമ്ബാര്‍ട്ടുമെന്റില്‍.