തേനി: കേരള -തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കുമളി ബസ് സ്റ്റാന്‍ഡ് നവീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഉറപ്പുനല്‍കി. 7.5 കോടി രൂപ ചെലവില്‍ നവീകരിക്കുക. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തേനിയില്‍ എത്തിയ സ്റ്റാലിന്‍ സര്‍ക്കാരിന്റെ വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ കുമളിയില്‍ സൗകര്യങ്ങള്‍ പരിമിതമാണ്.ഇത് പരിഹരിക്കുകയാണ് ബസ് സ്റ്റാന്‍ഡ് നവീകരണത്തിലൂടെ തമിഴ്നാട് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്.
തീര്‍ഥാടകര്‍ക്ക് പുറമേ ഇരു സംസ്ഥാനങ്ങളിലുമായി വാണിജ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നവര്‍ക്കും ഏറെ ആശ്വാസമാണ് കുമളി ബസ് സ്റ്റാന്‍ഡ് നവീകരണം. ഇപ്പോള്‍ മഴ പെയ്താല്‍ നനയാതെ നില്‍ക്കാന്‍ പോലും ഒരു സൗകര്യമില്ലാത്ത അവസ്ഥയാണ് ബസ് സ്റ്റാന്‍ഡില്‍ ഉള്ളത്.