ചെന്നൈ • മങ്കിപോക്സ് ബാധയുടെ പശ്ചാത്തലത്തിൽ കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കിയതായി ആരോഗ്യ മന്ത്രി എം.സുബ്രഹ്മണ്യൻ.തമിഴ്നാട്ടിൽ ഇതുവരെ ആർക്കും രോഗം ബാധിച്ചിട്ടില്ല. രോഗബാധയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിയ ആളുകളുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.
80 രാജ്യങ്ങളിൽ പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വിമാനത്താവളങ്ങളിൽ അടക്കം പരിശോധനകൾ നടത്തുന്നുണ്ട്. കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അതിർത്തികളിൽ പരിശോധന വർധിപ്പിച്ചതെന്നു മന്ത്രി പറഞ്ഞു.
ഒരാൾ ഐസലേഷനിൽ
വെള്ളിയാഴ്ച തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ എത്തിയ 35 വയസ്സുകാരന്റെ തൊലിപ്പുറത്താണ് പാടുകൾ കണ്ടെത്തിയത്. പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾ അധികൃതരെ അറിയിക്കാതെ വീട്ടിലേക്കു പോയിരുന്നു. ഇതേ തു ടർന്ന് വീട്ടിലെത്തിയ ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും ചേർന്ന് ഇയാളെ പുതുക്കോട്ട മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പ്രാഥമിക പരിശോധനയിൽ മങ്കിപോക്സ് ലക്ഷണങ്ങൾ കണ്ടെത്തനായില്ലെന്നും സവം പരിശോധനയ്ക്കായി പുണ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിന്റെ ഫലം വരുന്നതു വരെ ഇയാൾ ഐസലേഷനിൽ തുടരുമെന്നും അധികൃതർ പറഞ്ഞു. സമ്പർക്കമുണ്ടായ വീട്ടുകാരോടും ഐസലേഷനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്.