മൂന്നാര്‍: ആസൂത്രിത വികസനമാണ് മൂന്നാറിന് വേണ്ടതെന്നും ഇതിനായി മാസ്റ്റര്‍പ്ലാന്‍ ആവശ്യമാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ രണ്ടാംഘട്ട വികസനം പുരോഗമിക്കുകയാണ്. മൂന്നാംഘട്ട നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ പുഷ്പമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നാറിനെ ടൂറിസം ഹബാക്കാന്‍ ടൂറിസം വകുപ്പിെന്‍റ എല്ലാ പിന്തുണയുമുണ്ടാകും. നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പദ്ധതികളെയും പരിപാലിക്കുകയെന്നത് പ്രധാനമാണ്. പരിപാലനത്തിെന്‍റ കുറവ് സഞ്ചാരികളുടെ എണ്ണം കുറയാന്‍ ഇടയാക്കും. ടൂറിസം കേന്ദ്രങ്ങളുടെ പരിപാലനത്തിന് പ്രാധാന്യം നല്‍കുന്ന പദ്ധതിക്ക് വകുപ്പ് രൂപം നല്‍കുന്നുണ്ട്. ടൂറിസം മേഖലക്ക് കോവിഡ് കാലത്തുണ്ടായ പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.
മൂന്നാറില്‍ മേല്‍പാലം നിര്‍മിക്കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവകരമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലാണ് 10 ദിവസത്തെ പുഷ്പമേള. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സംസ്ഥാന ടൂറിസം വകുപ്പിെന്‍റയും ജില്ല ഭരണകൂടത്തിെന്‍റയും ത്രിതല പഞ്ചായത്തുകളുടെയും ഹോട്ടല്‍ സംഘടനകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
മൂന്നാറിലെ തനത് പൂക്കള്‍ക്കൊപ്പം വിദേശയിനം പൂക്കളും മേളക്കായി ഒരുക്കിയിട്ടുണ്ട്. വിവിധ നിറത്തിലുള്ള 3000 റോസചെടികളും 2000 ഡാലിയകളും മേളയിലുണ്ട്. ദിവസവും രാവിലെ ഒമ്ബത് മുതല്‍ രാത്രി 8.30വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്.
എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.എം. മണി എം.എല്‍.എ, കലക്ടര്‍ ഷീബ ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ്, ദേവികുളം സബ് കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദുമണി തുടങ്ങിയവര്‍ പങ്കെടുത്തു.