ചെന്നൈ:മെട്രോ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് കുടുതൽ മിനി ബസുകൾ ഏർപ്പെടുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). യാത്രക്കാർ ബുദ്ധിമുട്ടില്ലാതെ മെട്രോ സ്റ്റേഷനിലെത്തുന്നതിനും ട്രെയിൻ ഇറങ്ങി ലക്ഷ്യസ്ഥാനങ്ങളിലേക്കു പോകുന്നതിനുമാണ് എംടിസി ബസുകൾ ഓടിക്കുന്നത്. 5 റൂട്ടുകളിലായി 10 ബസുക ളാണ് സർവീസ് നടത്തുന്നത്. ഗവ. എസ്റ്റേറ്റ്-സെക്രട്ടേറിയറ്റ്, ഗിണ്ടി-വേളാച്ചേരി വിജയ നഗർ ബസ്സ്റ്റാൻഡ്, ലിറ്റിൽ മൗണ്ട് തരമണി, ഷെണോയ് നഗർ-ടി നഗർ, വിമാനത്താവളം-താംബരം വെസ്റ്റ് എന്നീ റൂട്ടുകളിലായി 2 വീതം ബസുകളാണു സർവീസ് നടത്തുന്നത്.
5 പു തിയ റൂട്ടുകളിൽ 10 മിനി ബസുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് സിഎംആർഎൽ അറിയിച്ചു.കഴിഞ്ഞ ഫെബ്രുവരി മുതൽ മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയാണ്. ജനുവരിയിൽ ശരാശരി 81,000 പേരായിരുന്നു ദിനം പ്രതി യാത്ര ചെയ്തിരുന്നത്.ഫെബ്രുവരിയിൽ 1.13 ലക്ഷമായി ഉയർന്നു. മാർച്ചിൽ 1.43 ലക്ഷം, ഏപ്രിലിൽ 1.51, മേയിൽ 1.59 എന്നിങ്ങനെയാണു തുടർന്നുള്ള മാസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം.