ചെന്നൈ: യാത്രാതിരക്ക് കൂടിയതിനാൽ ചെന്നൈ-തിരുവള്ളൂർ റൂട്ടിൽ ഇനി 10 മിനിറ്റ് കൂടുമ്പോൾ സബർബൻ തീവണ്ടികളോടിക്കാൻ തീരുമാനം. നിലവിൽ 20 മിനിറ്റ് കൂടുമ്പോഴാണ് സബർബൻ തീവണ്ടി സർവീസ്. സ്കൂളുകളും കോളേജുകളും തുറന്നതിനാൽ രാവിലെയും വൈകീട്ടും സബർബൻ തീവണ്ടികളിൽ യാത്രാതിരക്ക് കൂടുതലാണ്. വിദ്യാർഥികൾ പലപ്പോഴും തീവണ്ടിയുടെ വാതിൽപ്പടിയിൽ തൂങ്ങിയാണ് യാത്രചെയ്യുന്നത്. ഇത് അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്.
വൈദ്യുതി തൂണുകളിൽ ഇടിച്ചുവീണ് മരിക്കുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ച് വരുകയാണ്. ഇതും ചെന്നൈ സെൻട്രൽ-തിരുവള്ളൂർ റൂട്ടിൽ പത്ത് മിനിറ്റ് കൂടുമ്പോൾ സബർബൻ തീവണ്ടി സർവീസ് നടത്താൻ കാരണമാണെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.ചെന്നൈ സെൻട്രൽ- ഗുമുടിപൂണ്ടി, ചെന്നൈ ബീച്ച്-ചെങ്കൽപ്പെട്ട്, ചെന്നൈ ബീച്ച്- വേളാച്ചേരി റൂട്ടിലും കൂടുതൽ സബർബൻ തീവണ്ടികളോടിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
ചെന്നൈ സെൻട്രൽ-ഗുമുടിപൂണ്ടി, ചെന്നൈ-ആർക്കോണം റൂട്ടിൽ കോവിഡ് കാലത്ത് നിർത്തിവെച്ച സർവീസുകൾ പുനരാരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.നിലവിൽ രാത്രി 12-ന് ശേഷം ചെന്നൈയിൽനിന്ന് ആർക്കോണത്തേക്കോ, ഗുമുടിപൂണ്ടിയിലേക്കോ സർവീസ് നടത്തുന്നില്ല. കോവിഡിനുമുമ്പേ സർവീസ് നടത്തിയിരുന്ന എല്ലാ സബർബൻ സർവീസുകളും പുനഃസ്ഥാപിക്കണമെന്നും യാത്രക്കാർ ആവശ്യമുന്നയിക്കുന്നുണ്ട്.