ചെന്നൈ: ഹിന്ദി ഭാഷയെ പോലെ തമിഴ് ഭാഷയേയും ഔദ്യോഗിക ഭാഷയാക്കണമെന്ന് തമിഴ്‌നാടില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുഖ്യമന്ത്രി സ്റ്റാലിന്‍.
തമിഴ്‌നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്‍ ആവശ്യം ഉന്നയിച്ചത്.
മദ്രാസ് ഹൈക്കോടതിയിലെയും തമിഴ് നാട്ടിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഔദ്യോഗിക ഭാഷ കമിഴ് ആക്കണമെന്നാണ് ആവശ്യം. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച ബില്‍ നേരത്തെ തമിഴ്‌നാട് നിയമസഭ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ഇതുവരെ കേന്ദ്രത്തിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍, തമിഴ്‌നാട് നിയമസഭ ഏകകണ്‌ഠേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്.
വലിയ പണം ചെലവാക്കി പരിശീലന കേന്ദ്രത്തില്‍ പഠിക്കാന്‍ പോവുന്നവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ നീറ്റ് പരീക്ഷ എഴുതിയെടുക്കാന്‍ കഴിയുന്നത്. ഇത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണ്. അതുകൊണ്ടാണ് എതിര്‍ത്തത്. ഗവര്‍ണര്‍ ബില്‍ ഉടന്‍ കേന്ദ്രത്തിന് അയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉചിതമായ തീരുമാനമുണ്ടാവുമെന്ന് കരുതുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു. സൗഹൃദത്തിന് കരംനീട്ടാം, അവകാശങ്ങള്‍ക്ക് ശബ്ദമുയര്‍ത്താം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘തമിഴ്‌നാടിന്റെ വികസനം സാമ്ബത്തിക മേഖലയില്‍ മാത്രമല്ലെന്നും സാമൂഹ്യ നീതി, സമത്വം, സ്ത്രീ ശാക്തീകരണം എന്നിവയും കൂടിയാണ്. അത് ദ്രാവിഡ മോഡലാണ്’ അദ്ദേഹം പറഞ്ഞു.
ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുകൊടുത്ത കച്ച ദ്വീപ് തിരിച്ചു പിടിക്കണമെന്നും ഈ മേഖലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യ തൊഴിലാളികള്‍ക്ക് മത്സ്യ ബന്ധനത്തിന് അനുമതി നല്‍കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. 1974ലാണ് ആള്‍വാസമില്ലാത്ത ഈ ദ്വീപ് ഇന്ത്യ ശ്രീലങ്കയ്ക്ക് വിട്ടുനല്‍കിയത്. ഫെഡറല്‍ സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്തിന് കൂടുതല്‍ തുക അനുവദിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട് പ്രത്യേക സ്ഥലമാണെന്നും അവിടെയുള്ളത് അനുഗ്രഹീത ഭാഷയും ആഗോള സംസ്‌കാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്ത് 31,000 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സാസാരിക്കുകയായിരുന്നു മോദി. വൈകീട്ട് 5.15 ഓടെ ചെന്നൈ വിമാനത്താവളത്തിലെത്തിയ മോദിയെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് റോഡ് ഷോയായി പരിപാടി നടക്കുന്ന ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയിത്തിലേക്ക് പോയി.