ചെന്നൈ : ചെന്നൈ വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഉറക്കത്തിന്‍റേയോ വിശ്രമത്തിന്‍റേയോ കാര്യത്തില്‍ ടെന്‍ഷനടിക്കേണ്ട.
ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി വിമാനത്താവളത്തില്‍ സ്ലീപ്പിങ് പോഡ് സൗകര്യം ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ചെന്നൈ ആഭ്യന്തര വിമാനത്താവളത്തിലെ അറൈവല്‍ ടെര്‍മിനലില്‍ സ്ലീപ്‌സോ എന്ന പേരില്‍ സ്ലീപ്പിങ് പോഡ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബാഗേജ് ബെല്‍റ്റ് നമ്ബര്‍ ഒന്നിന്‍റെ സമീപത്തായി സാധാരണ ബെഡിന്‍റെ വലിപ്പത്തിലുള്ള നാല് ക്യാപ്‌സൂളുകളാണ് ഒരുക്കിയിരിക്കുന്നത്. കണക്‌റ്റിങ് ഫ്ലൈറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യം കൂടുതല്‍ ഉപയോഗപ്പെടുക. ഓഗസ്റ്റ് 17ന് ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്‌ടര്‍ ശരത് കുമാര്‍ സ്ലീപ്പിങ് പോഡിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
വിമാനത്താവളത്തിലിരുന്ന് മുഷിയേണ്ട : ബെഡ് സൗകര്യം ആവശ്യമുള്ള യാത്രക്കാര്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യണം. ആദ്യ രണ്ട് മണിക്കൂറില്‍ 600 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറും 250 രൂപ വീതവുമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുക. ഓരോ ക്യാപ്‌സ്യൂളിലും ഒരു മുതിര്‍ന്നയാള്‍ക്കും 12 വയസില്‍ താഴെ പ്രായമുള്ള ഒരു കുട്ടിക്കും കിടക്കാനാകും.
മണിക്കൂറിന്‍റെ അടിസ്ഥാനത്തിലും സ്ലീപ്പിങ് പോഡ് സൗകര്യം വിനിയോഗിക്കാം. വായനയ്ക്കായി പ്രത്യേക ലൈറ്റ്, ചാര്‍ജിങ് സ്റ്റേഷന്‍, യുഎസ്‌ബി ചാര്‍ജര്‍, ലഗേജ് സ്‌പേസ്, ആംബിയന്‍റ് ലൈറ്റ് ആന്‍ഡ് ബ്ലോവര്‍ കണ്‍ട്രോള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റ്, ബോര്‍ഡിങ് പാസ്, പിഎന്‍ആര്‍ നമ്ബര്‍ എന്നിവ ഉപയോഗിച്ച് ബുക്ക് ചെയ്യാനാകും. വിമാനത്തില്‍ യാത്ര ചെയ്യാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല.