Home Featured പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത്: മദ്രാസ് ഹൈക്കോടതി

പഴനി ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുത്: മദ്രാസ് ഹൈക്കോടതി

by jameema shabeer

ചെന്നൈ: പഴനി ക്ഷേത്രത്തിനുള്ളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും പ്രവേശനമില്ലെന്നു സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ക്ഷേത്രത്തില്‍ പുനഃസ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു.

അഹിന്ദുക്കള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫിസര്‍ നീക്കം ചെയ്തതു ചോദ്യം ചെയ്തുള്ള പഴനി സ്വദേശിയുടെ ഹര്‍ജിയിലാണ് കോടതി വിധി.

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥിതി ചെയ്യുന്ന കൊടിമരത്തിനപ്പുറം അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നില്ലെന്ന് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശം നല്‍കി.

മുരുകനില്‍ വിശ്വസിച്ച്‌ ദര്‍ശനത്തിന് എത്തിയതാണെന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇതര മതസ്ഥര്‍ക്ക് ദര്‍ശനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതിനായി ക്ഷേത്രത്തില്‍ പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണം.

പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 15ന്റെ പരിധിയില്‍ വരുന്നില്ല. അതിനാല്‍ അഹിന്ദുക്കള്‍ക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച്‌ ക്ഷേത്രം പരിപാലിക്കണമെന്നും കോടതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.

You may also like

error: Content is protected !!
Join Our Whatsapp