തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/KI3LcXUugQtLQKUwQddv8w
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
ചെന്നൈ :കോവിഡ് വ്യാപനത്തിൽ കുരുങ്ങിയ സംസ്ഥാനത്തിന് ആശ്വാസമായി പ്രതിദിന പോസിറ്റീവ് കേസുകൾ ഗണ്യമായി കുറയുന്നു. മുപ്പത്തയ്യായിരത്തോട് അടുത്തിരുന്ന പ്രതിദിന പോസിറ്റീവ് ഇന്നലെ അയ്യായിരത്തിൽ താഴെ എത്തി. 4,519 പേരാണ് ഇന്നലെ പോസിറ്റീവായത്. ചെന്നൈ, ചെങ്കൽപെട്ട്, കോയമ്പത്തൂർ ഒഴികെയുള്ള എല്ലാ ജില്ലകളിലും അഞ്ഞൂറിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രതിദിന പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന ചെന്നൈയിൽ ആയിരത്തിൽ താഴെ കേസുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, സംസ്ഥാനത്തെ മരണനിരക്കിൽ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. 37 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 37,809 ആയി ഉയർന്നു.
കോവിഡ് തീവവ്യാപനം ഉണ്ടായിരുന്ന ചെന്നൈ, ചെങ്കൽ പെട്ട്, കോയമ്പത്തൂർ ജില്ലകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും പോസിറ്റീവ് കേസുകൾ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എണ്ണായിരത്തിലേറെ പോസിറ്റീവ് ഉണ്ടായിരുന്ന ചെന്നൈയിൽ എണ്ണൂറിൽ താഴെയാണ് ഇപ്പോഴുള്ള കേസുകൾ.792 പേരാണ് ഇന്നലെ പോസിറ്റീവായത്. കോയമ്പത്തൂരിൽ 778 പേർ പോസിറ്റീവായി. ചെങ്കൽപെട്ട്, ഈറോഡ്, സേലം, തിരുപ്പൂർ, തിരുവള്ളൂർ തുടങ്ങിയ ജില്ലകളിൽ ഇരുനൂറിലേറെ കേസുകളാണുള്ളത്. പെരമ്പലൂർ, അരിയലൂർ, മയിലാടുതുറൈ, കള്ളക്കുറിച്ചി , തെങ്കാശി,തേനി തുടങ്ങിയ ജില്ലകളിൽ മുപ്പതിൽ താഴെ പോസിറ്റീവ് ആണുള്ളത്. ചെന്നൈ ഒഴികെയുള്ള എല്ലാ ജില്ലകളിലും പത്തിൽ താഴെയാണ് പ്രതിദിന മരണം. ചെന്നൈയിൽ ഇന്നലെ 11 പേർ മരിച്ചു. കോയമ്പത്തൂരിൽ 4 പേരും തിരുവള്ളൂരിൽ 2 പേരും മരിച്ചു.
പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് രൂപപ്പെട്ട കോവിഡ് മൂന്നാം തരംഗമാണ് ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുന്നത്. പൊങ്കൽ ആഘോഷത്തെ തുടർന്ന് വ്യാപനം പിടിവിട്ടു വരുമെന്ന് കരുതിയിരുന്നെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകാതിരുന്നത് ആരോഗ്യ വകുപ്പിന് ആശ്വാസമായി. തരംഗം ഫെബ്രുവരിയിലും തുടർന്നേക്കുമെന്ന മുന്നറിയിപ്പുകൾ ഉണ്ടായിരുന്നെങ്കിലും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ ഊർജിതമാക്കിയതും വ്യാപനത്തിന് തടയിട്ടു. 90 ശതമാനം പേർ നിലവിൽ ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. അതേ സമയം, 70 ശതമാനത്തോളം പേർ മാത്രമാണ് രണ്ടു ഡോസും എടുത്തിട്ടുള്ളത്.
വാക്സിനേഷന്റെ ഫലമായി കോവിഡിനെ ഒരു വിധം പിടിച്ചുകെട്ടാൻ സാധിക്കുന്നുവെന്ന് ജനം മനസ്സിലാക്കണമെന്നും വാക്സിനേഷനാണ് കോവിഡിനെതിരായ ഏറ്റവും വലിയ പ്രതിരോധ മാർഗമെന്നും ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടെങ്കിലും പടിഞ്ഞാറൻ ജില്ലകളുടെ സ്ഥിതിയിൽ ആശങ്ക. ചെന്നൈ, ചെങ്കൽപെട്ട് ജില്ലകൾക്കു പുറമേ പടിഞ്ഞാറൻ ജില്ലകളിലാണ് നിലവിൽ കൂടുതൽ കേസുകളുള്ളത്. എണ്ണൂറിനടുത്തു കേസുകളാണ് കോയമ്പത്തൂരിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. നൂറിലേറെ കേസുകളാണ് പടിഞ്ഞാറൻ ജില്ലകളിൽ ദിവസേന ഉള്ളത്.
കോവിഡ് രണ്ടാം തരംഗത്തിലും പടിഞ്ഞാറൻ ജില്ലകളിൽ വ്യാപനം ശക്തമായിരുന്നു. ഈ ജില്ലകളിലുള്ള വ്യവസായ ശാലകൾ കേന്ദ്രീകരിച്ച് ഒട്ടേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ടതാണ് വ്യാപനം തീവ്രമാകാൻ കാരണമായത്. സമാനമായ സ്ഥിതിയാണ് ഇപ്പോഴുമുള്ളതെന്നതിനാൽ കോവിഡ് വ്യാപനം നീണ്ടു നിൽക്കുമോയെന്നും ആശങ്കയുണ്ട്.