
ചെന്നൈ : കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ പരിശോധനയും നരീക്ഷണവും കർശനമാക്കാൻ തമിഴ്നാടിന്റെ തീരുമാനം. രോഗസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് 7 ദിവസത്തെ ഗൃഹനിരീക്ഷണം നിർബന്ധമാക്കി. ദക്ഷിണാഫ്രിക്ക, ചൈന, ന്യൂസീലൻഡ്, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണു നിബന്ധന ബാധകം.
യാത്രക്കാരെ വിമാനത്തിൽ കയറ്റുന്നതിനു മുൻപ് വിമാനക്കമ്പനികൾ നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ട് ഉറപ്പാക്കണം. രോഗസാധ്യത കണ്ടെത്തിയ രാജ്യങ്ങളിൽ നിന്ന് വരുന്ന യാതക്കാർ നെഗറ്റീവ് ആണെങ്കിലും 7 ദിവസം ഗൃഹനിരീക്ഷണം നടത്തി എട്ടാം ദിവസം വീണ്ടും പരിശോധന നടത്തണം. പരിശോധനയിൽ പോസിറ്റീവ് ആണെങ്കിൽ സാംപിൾ ശേഖരിച്ചു വിശദമായ പരിശോധനയ്ക്ക് അയയ്ക്കും. തുടർന്ന് സർക്കാരിനു കീഴിലുള്ള പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റും. ഒമിക്രോൺ വകഭേദമല്ലെന്നു കണ്ടെത്തിയാൽ മാത്രം ഡോക്ടർമാർമാരുടെ വിവേചനാധികാരത്തിൽ പ്രോട്ടോക്കോൾ പാലിച്ച് രോഗിയെ ഡിസ്ചാർജ് ചെയ്യാം.
മറ്റു രാജ്യങ്ങളിൽ നിന്നുള്ള 5 ശതമാനം യാത്രക്കാരെ റാൻഡം പരിശോധനയ്ക്ക് തിരഞ്ഞെടുക്കും. പരിശോധനാഫലം നെഗറ്റീവായാൽ 14 ദിവസം അവർ സ്വയം നിരീക്ഷിക്കണം. നിരീക്ഷണ കാലത്ത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയോ ചെയ്താൽ, ആരോഗ്യവകുപ്പിനെ അറിയിക്കണം. 5 വയസ്സിന് താഴെയുള്ള കു ട്ടികളെ പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ കോവിഡിന്റെ ലക്ഷണം കണ്ടാൽ അവർ പരിശോധനയ്ക്ക് വിധേയരാകണം. നിബന്ധനകൾ നടപ്പാ ക്കാൻ നോഡൽ ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്.
