Home ചെന്നൈ ഓണ്‍ലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത; തമിഴ്നാട്ടിൽ ഒരു യുവാവ് കൂടി ജീവനൊടുക്കി;നിയന്ത്രണം വേണമെന്ന് ധനമന്ത്രി

ഓണ്‍ലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത; തമിഴ്നാട്ടിൽ ഒരു യുവാവ് കൂടി ജീവനൊടുക്കി;നിയന്ത്രണം വേണമെന്ന് ധനമന്ത്രി

by jameema shabeer

ചെന്നൈ: ഓൺലൈൻ റമ്മി കളിച്ചുണ്ടായ കടബാധ്യത താങ്ങാനാകാതെ തമിഴ്നാട്ടിൽ ഒരു യുവാവ് കൂടി ജീവനൊടുക്കി. നാമക്കൽ രാസപുരം സ്വദേശി സുരേഷാണ് മരിച്ചത്. വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ റമ്മിയ്ക്ക് അടിമയായെന്നും രക്ഷപ്പെടാൻ മറ്റ് വഴിയില്ലെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തു. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ  അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയാണ് ഇദ്ദേഹം റമ്മി കളിച്ച് ഉണ്ടാക്കിയത്. ബികോം വിജയിച്ച ശേഷം സുരേഷ് വിദേശത്ത് ജോലിയ്ക്കായി ശ്രമിക്കുകയായിരുന്നു. ഇതിനായി കരുതിവച്ച പണവും സുഹൃത്തുക്കളുടെ കയ്യിൽ നിന്ന് കടംവാങ്ങിയ പണവും ചൂതാട്ടത്തിൽ നഷ്ടമായി. രാസപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസവും സമാനമായ സംഭവം ഉണ്ടായിരുന്നു. ധർമപുരി അരൂ‍ർ മുത്തന്നൂർ സ്വദേശി പ്രഭുവാണ് മരിച്ചത്. ഓൺലൈൻ റമ്മിയിൽ പതിനഞ്ച് ലക്ഷത്തോളം രൂപയാണ് ഇദ്ദേഹം നഷ്ടപ്പെടുത്തിയത്. ഈ ബാധ്യത തീർക്കാൻ മൂന്ന് ലക്ഷം രൂപയ്ക്ക് കേരള ലോട്ടറിയെടുത്ത് അതും നഷ്ടപ്പെടുത്തി. വീട് വിൽക്കാൻ അഡ്വാൻസ് വാങ്ങിയ തുകയും റമ്മിയിൽ നഷ്ടപ്പെടുത്തി. കടം വീട്ടാൻ എല്ലാ വഴികളും അടഞ്ഞപ്പോൾ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തില്‍ അരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഓൺലൈൻ റമ്മി: ആളുകൾ കളിച്ച് അടിമകളാകുന്നു, നിയന്ത്രണം വേണം: ധനമന്ത്രി

ഓൺലൈൻ റമ്മിക്ക് നിയന്ത്രണം വേണമെന്നാണ് സംസ്ഥാന സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പണം കളിച്ച് കളയുന്ന ഒരുപാട് പേർ അപകടത്തിൽ പെടുന്നുണ്ട്. ഓൺലൈൻ റമ്മി കളിക്ക് അടിമ ആവുകയാണ് പലരും. ആളുകളിൽ ബോധവൽകരണം പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ റമ്മിയെ പണം വെച്ചുള്ള ചൂതാട്ടത്തിന്‍റെ പരിധിയിൽ നേരത്തെ സംസ്ഥാന സർക്കാർ കൊണ്ടു വന്നിരുന്നു. എന്നാൽ ഈ സർക്കാർ ഉത്തരവ് നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി പിന്നീട് വിധിച്ചത്. രാജ്യത്ത് ഒരേ പോലെ വ്യാപാരം നടത്താനുള്ള കമ്പനികളുടെ അവകാശത്തെ നിഷേധിക്കുന്നത് ഭരണഘടന നൽകുന്ന തുല്യത ലംഘിക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.

പണം വെച്ചുള്ള ചീട്ട് കളിയെ വിജ്ഞാപനത്തിന്റെ പരിധിയിൽ കൊണ്ട് വരാതെ ഓൺലൈൻ റമ്മിയെ മാത്രം നിരോധിക്കുന്നത് വിവേചമെന്നായിരുന്നു അന്നത്തെ കോടതി നിലപാട്. ഓൺലൈൻ റമ്മി കളി നൈപുണ്യം ആവശ്യമായ കളിയാണെന്നായിരുന്നു കമ്പനികളുടെ വാദം. വിവിധ കോടതി ഉത്തരവുകൾ ചൂണ്ടികാട്ടിയുള്ള കമ്പനികളുടെ ഈ വാദവും സിംഗിൾ ബെഞ്ച് അംഗീകരിച്ചിരുന്നു.

പണം ഉപയോഗിച്ചുള്ള ഓൺലൈൻ റമ്മി കളി സംസ്ഥാനത്ത് പലരെയും വൻ കട ബാധ്യതയിലേക്കും ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തിലായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഇടപെടൽ. 1960 ലെ കേരള ഗെയിംഗിമിംഗ് ആക്ടിൽ സെക്ഷൻ 14 എ യിൽ ഭേദഗതി വരുത്തിയായിരുന്നു സർക്കാർ വിഞ്ജാപനം .എന്നാൽ ഇതിനെതിരെ കോടതിയെ സമീപിച്ച ഓൺലൈൻ റമ്മി കമ്പനികൾ ഉദ്യോഗസ്ഥ വിജ്ഞാപനത്തിലൂടെ ഓൺലൈൻ റമ്മി കളി നിയമ വിരുദ്ധമാക്കാൻ കഴിയില്ലെന്ന് വാദിച്ചു. ഗെയിംസ് ക്രാഫ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് അടക്കമുള്ള വിവിധ കമ്പനികളാണ് അന്ന് കേരള ഹൈക്കോടതിയെ സമീപിച്ചത്.

You may also like

error: Content is protected !!
Join Our Whatsapp