ചെന്നൈ • ഈറോഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അണ്ഡം വിൽപന നടത്തിയ കേസിൽ ഉൾപ്പെട്ട 4 ആശുപത്രികൾ അടച്ചുപൂട്ടാൻ നടപടികളുമായി ആരോഗ്യവകുപ്പ്. സേലം, കൃഷ്ണഗിരി, ഈറോഡ് എന്നിവിടങ്ങളിലെ നാല് സ്വകാര്യ ആശുപത്രികൾക്കെതിരെ അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി (റഗുലേഷൻ) ആക്ട്, പ്രീ-കൺ സെപ്ഷൻ ആൻഡ് പ്രീ-നാറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് (പിസിപിഎൻഡിടി) ആക്ട് എന്നിവ പ്രകാരം നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് ഉത്തരവിട്ടു.
ആശുപത്രികൾ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ പറഞ്ഞു.ഈറോഡ്, സേലം എന്നിവിടങ്ങളിലെ സുധ ആശുപത്രി, പെരു തുറൈ രാമപ്രസാദ് ആശുപത്രി, ഹൊസൂർ വിജയ് ഹോസ്പിറ്റൽ എന്നിവയ്ക്കെതിരെയാണു നടപടിയെന്ന് ആരോഗ്യവകുപ്പു പറഞ്ഞു.
ഇതു കൂടാതെ കേരളത്തിലെയും ആന്ധ്രയിലെയും 2 ആശുപ്രതികളിലും പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരത്തേത് ഉൾപ്പെടെയുള്ള ആശുപതികൾക്കെതിരെ നടപടി ശുപാർശ ചെയ്തു തമിഴ്നാട് ആരോഗ്യ സെക്രട്ടറി അതത് സംസ്ഥാന സർക്കാരുകൾക്കു കത്തെഴുതും.ഈ 6 ആശുപത്രികളും ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്ന് എം.സുബ്രഹ്മണ്യൻ പറഞ്ഞു.
പെൺകുട്ടിയുടെ വയസ്സ് മറയ്ക്കാനായി വ്യാജ ആധാർ കാർഡ് ഉപയോഗിച്ചതായും പരിശോധനാ രേഖകളൊന്നും ഇല്ലെന്നും കണ്ടെത്തി. തമിഴ്നാട്ടിലെ 4 ആശുപത്രികളിലെ കിടപ്പുരോഗികളെ 15 ദിവസത്തിനകം ഡിസ്ചാർജ് ചെയ്യണം.
തുടർന്ന് ആശുപത്രികൾ അടച്ചുപൂട്ടാനുള്ള നടപടികൾ മെഡിക്കൽ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.16 വയസ്സുകാരിയുടെ അണ്ഡം പലതവണ വിൽപന നടത്തിയ സംഭവത്തിൽ കുട്ടിയുടെ മാതാവ് അടക്കം 4 പേർ പിടിയിലായിരുന്നു.