ചെന്നൈ • സൗജന്യമായി യാത്ര ചെയ്യാനാകുന്ന ബസുകൾ ഇനി വേഗം തിരിച്ചറിയാൻ വഴിയൊരുക്കി പിങ്ക് ബസ് യാത്രതുടങ്ങി.മന്ത്രിമാരായ പി.കെ.ശേഖർ ബാബു, എസ്.എസ്. ശിവശങ്കർ എന്നിവരുടെ സാന്നിധ്യത്തിൽ ഉദയനിധി സ്റ്റാലിൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.
നഗരത്തിൽ സർവീസ് നടത്തുന്ന മൂവായിരത്തിലേറെ എംടിസി ബസുകളിൽ പകുതിയോളം ഇനി പിങ്ക് നിറത്തിൽ കാണാം.മെട്രോ യാത്രക്കാരുടെ സൗകര്യാർഥം വെള്ള നിറത്തിലുള്ള 10 പുതിയ ഫീഡർ സർവീസുകളും ഇന്നലെ ആരംഭിച്ചതോടെ നഗരത്തിലെ ബസ് യാത്രാനുഭവം ഇനി ‘കളറാകും.
കൂടുതൽ ഫീഡർ സർവീസുകൾ
മെട്രോ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത്. കണക്കിലെടുത്ത് കൂടുതൽ ഫീഡർ സർവീസ് ഏർപ്പെടുത്തി ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ), 5 മെട്രോ സ്റ്റേഷനുകളിൽ നിന്നായി വെള്ള നിറത്തിലുള്ള 10 ഫീഡർ സർവീസുകളാണ് ആരംഭിച്ചത്.
പിങ്ക് ബസുകൾ ആരംഭിക്കുന്ന ചടങ്ങിൽ ഫീഡർ സർവീസും ഫ്ലാഗ് ഓഫ് ചെയ്തു. ഗവ. എസ്റ്റേറ്റ്, ഗിണ്ടി, ലിറ്റിൽ മൗണ്ട്, ഷേണായി നഗർ, വിമാനത്താവളം എന്നീ മെട്രോ സ്റ്റേഷനുകളിൽ നിന്ന് 2 ബസുകൾ വീതമാണു സർവീസ് നടത്തുക.