ചെന്നൈ : അവധിയായതിനാൽ ജനം കൂട്ടത്തോടെ നാട്ടിലേക്കു മടങ്ങിയതോടെ സ്വകാര്യ ബസുകളിലെ ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വരെ വർധന. പരാതി വ്യാപകമായതോടെ സ്വകാര്യ ബസുകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.സ്വാതന്ത്ര്യ ദിനം ഉൾപ്പെടെ തുടർച്ചയായി മൂന്നു ദിവസം അവധി ആയതിനാൽ ഇന്നലെ മുതൽ ആയിരക്കണക്കിനു പേരാണു നാട്ടിലേക്കു പോകുന്നതിനു ടിക്കറ്റ് ബുക്ക് ചെയ്തത്.
ഈ സാഹചര്യത്തിലാണു ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നത്.തിരിച്ചിരപ്പള്ളിയിലേക്കു കഴിഞ്ഞ ദിവസം വരെ 800 രൂപയായിരുന്നത് ഒറ്റയടിക്ക് 2,300 രൂപ വരെയായി ഉയർന്നു.കോയമ്പത്തൂരിലേക്ക് പരമാവധി 1,000 രൂപ വരെയായിരുന്നത് 3,000 രൂപയായാണ് ഉയർന്നത്. തെക്കൻ ജില്ലകളിലേക്ക് 1,500 രൂപയായിരുന്നത് 3,500 വരെയായി കൂടി.
ഇതേത്തുടർന്നു പരാതി വ്യാപകമായതോടെ നിരക്ക് വർധനയ്ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഗതാഗതമന്ത്രി എസ്.എസ്.ശിവശങ്കർ അറിയിച്ചു.തുടർച്ചയായ അവധി കണക്കിലെടുത്ത്ദീർഘദൂര ബസുകൾ കൂടി സർവീസ് നടത്താനും ഗതാഗത വകുപ്പ് തീരുമാനിച്ചു.