
ചെന്നൈ • വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങൾക്കു പ്രവേശനം നിരോധിച്ചു. ശക്തമായ കാറ്റിൽ തീരത്തേക്ക് അടിച്ചു കയറിയ കടൽജലവും ഒഴുകിയെത്തിയ മഴവെള്ളവും കെട്ടി നിന്നു മറ്റൊരു കടലിന്റെ രൂപമാണു ദിവസങ്ങളായി മറീനയിലെ മണൽപരപ്പിന്റേത്. മഴയുടെ തീവ്രത കൂടിയതോടെ നഗരത്തിലെ തന്നെ പ്രധാന പാതകളിലൊന്നായ കാമരാജർ ശാലയിലും (ബീച്ച് റോഡ്) പരിസരത്തു നിന്നുമുള്ള വെള്ളം ഒഴുകിയെത്തി മറീനയിലെ മണൽത്തിട്ട ജലാശയമായി മാറിയിരുന്നു. തിരകൾ കടൽവെള്ളം കൂടി തീരത്തേക്കെത്തിച്ചതോടെ മറ്റൊരു കടലായി മണൽപ്പരപ്പ് മാറി. കടൽ വെള്ളം കയറുന്നതിനാൽ മണലിൽ വെള്ളം വലിഞ്ഞു പോകുന്നുമില്ല.
വലിയ വെള്ളക്കെട്ടായി മറീന മാറിയതോടെ ജനങ്ങൾക്ക് ഇങ്ങോട്ടുള്ള പ്രവേശനം നിരോധിച്ചു. മറീനയിലേക്കുള്ള വഴികൾ പൊലീസ് അടച്ചു. പ്രവേശന മാർഗങ്ങളിലെല്ലാം കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. മണൽപ്പരപ്പിലെ വെള്ളക്കെട്ടു കാണാൻ മുന്നറിയിപ്പുകളെ അവഗണിച്ചു ആളുകളെത്തുന്നതിനാൽ അപകടങ്ങളൊഴിവാക്കാനായി പൊലീസ് പട്രോളും ശക്തമാക്കിയതായി അധികൃതർ പറഞ്ഞു.