ചെന്നൈ: ശക്തമായ സുരക്ഷാസംവിധാനങ്ങളെ മറികടന്ന് ചെന്നൈ നഗരത്തിലെ എടിഎമ്മുകളില്‍ ലക്ഷങ്ങളുടെ കവര്‍ച്ച. ഗ്രേറ്റര്‍ ചെന്നൈ പൊലീസിന് ഇത് സംബന്ധിച്ച് പരാതികള്‍ ലഭിച്ചു. നഗരത്തിലെ വേളാചേരി, താരാമണി, വല്‍സരവക്കം, രാമപുരം എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളില്‍ നിന്നാണ് ഇത്തരത്തില്‍ ലക്ഷങ്ങള്‍ കവര്‍ച്ച ചെയ്തത് .

എന്നാല്‍ പരിശോധനക്കെത്തിയ പൊലീസിന് എടിഎം കുത്തിപൊളിച്ചതിന്റെയോ മറ്റ് ലക്ഷണങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല. എടിഎമ്മുകളില്‍ ബാങ്ക് അധികൃതര്‍ നിക്ഷേപിച്ച പണത്തിന്റെയും എടിഎമ്മുകളില്‍ നിന്നും പിന്‍വലിച്ച പണത്തിന്റെയും കണക്കില്‍ ലക്ഷങ്ങളുടെ വ്യത്യാസം കണ്ടതാണ് അധികൃതര്‍ പരാതി നല്‍കാന്‍ കാരണം.
എസ്ബിഐയിലെ അലാറം സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഒരു ജപ്പാന്‍ കമ്ബനിയാണ്. എടിഎം മെഷീനിലെ തടസങ്ങള്‍ എവിടെയെല്ലാമാണെന്ന് കളളന്മാര്‍ ആദ്യമേ മനസിലാക്കിയതായാണ് പൊലീസ് കണ്ടെത്തല്‍. ഒരിക്കല്‍ പിന്‍ നമ്ബര്‍ കൊടുത്ത് പണം എടുത്താല്‍ ഇരുപത് സെക്കന്റുകള്‍ക്കകം പണം എടുക്കണം. ഇതിന് സാധിച്ചില്ലെങ്കില്‍ പണം തിരികെ മെഷീനിലേക്ക് പോകും. ഇത്തരത്തില്‍ പണം അകത്തേക്ക് പോകുന്ന സെന്‍സര്‍ തടഞ്ഞാണ് കളളന്മാര്‍ പലവട്ടമായി പണം തട്ടിയത്. ഇതുമൂലം പണം പിന്‍വലിച്ചില്ലെന്ന് മെഷീനില്‍ കാണിക്കുകയും ചെയ്യും. കവര്‍ച്ചയെ തുടര്‍ന്ന് പൊലീസ് വ്യാപകമായി സിസിടിവി കാമറകള്‍ പരിശോധിച്ച് വരികയാണ്.