തൃശൂര്‍: ബിജെപിയുടെ തെരഞ്ഞെടുപ്പിനായി എത്തിച്ച പണം സേലത്ത് വച്ച് കവര്‍ന്നതായി പറയുന്ന സംഭവത്തെക്കുറിച്ച് തമിഴ്നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പിനായി ബിജെപി പാലക്കാട്ടേക്ക് കൊണ്ടുവന്നു എന്ന് പറയുന്ന 4.4 കോടിയാണ് സേലത്ത് വച്ച് കവര്‍ച്ച ചെയ്യപ്പെട്ടത്. മാര്‍ച്ച് ആറിന് കൊണ്ടുവന്ന പണം സേലത്ത് കവര്‍ന്ന കാര്യം കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിച്ച കേരള പൊലീസാണ് കണ്ടെത്തിയത്. ഇക്കാര്യം കൊടകരക്കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലുണ്ട്.
ഇതുകാണിച്ചുള്ള കേരള പൊലീസിന്റെ എഫ്‌ഐആറില്‍ തമിഴ്നാട് കൊങ്കണാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സേലത്ത് പണം എത്തിച്ചത് കൊടകരക്കേസിലെ മുഖ്യസാക്ഷിയായ ധര്‍മരാജനായിരുന്നു.
കൊടകരക്കേസില്‍ ധര്‍മരാജന്‍ നല്‍കിയ മൊഴിയിലാണ് സേലത്തെ കവര്‍ച്ചയെപ്പറ്റിയും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങിയത്.
കൊടകര കുഴല്‍പ്പണക്കവര്‍ച്ചക്കേസ് അന്വേഷിക്കുന്ന സംഘത്തില്‍ നിന്ന് തമിഴ്‌നാട് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചു. ധര്‍മരാജന്റെ സഹോദരന്‍ ധനരാജന്റെ നേതൃത്വത്തിലായിരുന്നു ബംഗളൂരുവില്‍ നിന്ന് സേലം വഴി പാലക്കാട്ടേക്ക് പണം കൊണ്ടുവന്നത്. കൊടകരയിലേതിന് സമാനമായി സേലത്തും വാഹനം തട്ടിയെടുത്ത് പണം കവര്‍ന്ന് കാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പൊലീസ് സ്റ്റേഷന് മുന്നിലുണ്ടെന്ന് കൊടകരക്കേസിലെ കുറ്റപത്രത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.