ചെന്നൈ: അണ്ണാഡിഎംകെ മുന്‍ അധ്യക്ഷ വി.കെ.ശശികലയെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്‌തു. 2017ല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ കോടനാട് എസ്റ്റേറ്റില്‍ നടന്ന കൊലപാതകവും കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ചെന്നൈയിലെ ടി നഗര്‍ വസതിയിലാണ് ശശികലയെ ചോദ്യം ചെയ്‌തത്.
കോടനാട് എസ്റ്റേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടപ്പോള്‍ അഴിമതി കേസില്‍ ബെംഗളൂരു ജയിലില്‍ തടവിലായിരുന്നു ശശികല. കോടനാട് കേസിലെ മുഖ്യപ്രതികളെന്നു സംശയിക്കുന്ന ജയലളിതയുടെ മുന്‍ ഡ്രൈവറായ കനകരാജ് ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ചതോടെയാണ് കേസില്‍ ദുരൂഹത ഉയര്‍ന്നത്.
കേസിലെ രണ്ടാം പ്രതിയെന്ന് സംശയിക്കുന്നയാള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിയുടെ ഭാര്യയും കുഞ്ഞും മരണമടഞ്ഞു. എസ്‌റ്റേറ്റിലെ കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആത്മഹത്യ ചെയ്‌ത വാര്‍ത്തയും പുറത്തുവന്നതോടെ കേസിനെ ചുറ്റിപ്പറ്റി സംശയങ്ങള്‍ ഉയര്‍ന്നു. കവര്‍ച്ചക്കാരുടെ വാച്ചുള്‍പ്പെടെ ചില സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു.