ചെന്നൈ • രാജീവ് ഗാന്ധി വധക്കേസിൽ മോചിതരായ ശ്രീലങ്കൻ സ്വദേശികളെ തിരുച്ചിറപ്പള്ളി സ്പെഷൽ ക്യാംപിലെത്തിച്ചതിനു പിന്നാലെ ഇവിടെ സുരക്ഷ ശക്തമാക്കി. മുരുകൻ, ശാന്തൻ റോബർട്ട് പയസ്, ജയകുമാർ എന്നിവരാണ് ഇവിടെയുള്ളത്. മുരുകനും ശാന്തനും ഒരു മുറിയിലും മറ്റു 2 പേർ മറ്റൊരു മുറിയിലുമാണ്. തമിഴ്നാട് സ്പെഷൽ പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 100 പൊലീസുകാരെയാണ് 24 മണിക്കൂറും സുരക്ഷയ്ക്കായി വിന്യസിച്ചത്.
അസി. പൊലീസ് കമ്മിഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണു സുരക്ഷാ ചുമതല. മറ്റ് വിദേശ തടവുകാരുമായി ഇട പഴകാതിരിക്കാനാണ് വ്യത്യസ്ത മുറികളിൽ പാർപ്പിച്ചത്. ഇവർക്കു പുറത്തു പോകാനും അനുവാദമില്ല. മൊബൈൽ ഫോണുകളും ലാ പ്ടോപ്പും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.2011 സെപ്റ്റംബർ മുതൽ തിരുച്ചിയിൽ പ്രവർത്തനം ആരംഭിച്ച പ്രത്യേക ക്യാംപിൽ നിലവിൽ 136 പേരാണുള്ളത്.