ചെന്നൈ: ഡിഎംകെ മന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ തല വെട്ടിമാറ്റുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച സംഭവത്തില്‍ പ്രതികരണവുമായി നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാൻ.ഉദയനിധിയുടെ തല വെട്ടിമാറ്റണമെന്ന് പറഞ്ഞ സ്വാമിയുടെ തലയെടുത്താല്‍ 100 കോടി പ്രതിഫലമായി നല്‍കുമെന്നാണ് സീമാൻ ചെന്നൈയില്‍ പറഞ്ഞത്. സനാതന ധര്‍മ്മം ഉത്മൂലനം ചെയ്യണമെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ അയോദ്ധ്യയിലെ സന്ന്യാസിയായ ജഗദ്‌ഗുരു പരമഹംസ ആചാര്യയാണ് ഉദയനിധിയുടെ തലയ്ക്ക് പത്ത് കോടി വിലയിട്ടത്.
ഉദയനിധിയുടെ പരാമര്‍ശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കം ഏറ്റെടുത്തതോടെ വിഷയം ദേശീയ ശ്രദ്ധ നേടി. വാദ പ്രതിവാദങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് തീവ്ര തമിഴ്‌വാദിയായ സീമാൻ വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഉദയനിധി സനാതന ധര്‍മ്മത്തെക്കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്ന് സീമാൻ അഭിപ്രായപ്പെട്ടു. അക്കാര്യം അമിത് ഷായ്ക്ക് പോലും ചോദ്യം ചെയ്യാനാകില്ല. മനുഷ്യന്റെ ജനനം നോക്കി സവര്‍ണനാണോ അവര്‍ണനാണോ എന്ന് തീരുമാനിക്കുന്ന രീതിയോട് യോജിക്കാനാകില്ല .
ഇന്ത്യയുടെ പേരുമാറ്റത്തെക്കുറിച്ച് പ്രത്യേകിച്ച് നിലപാടൊന്നുമില്ല എന്നും സീമാൻ വ്യക്തമാക്കി. എന്നാല്‍ തമിഴ്നാടിന്റെ പേര് അങ്ങനെ തന്നെ നിലനില്‍ക്കണം. സീമാൻ കൂട്ടിച്ചേര്‍ത്തു.ശനിയാഴ്ച ചെന്നൈയില്‍ നടന്ന സമ്മേളനത്തിലായിരുന്നു സനാതന ധര്‍മ്മം സമത്വത്തിനും സാമൂഹ്യ നീതിക്കും എതിരാണെന്നും, പകര്‍ച്ച വ്യാധികള്‍ പോലെ ഉന്മൂലനം ചെയ്യേണ്ടതാണെന്ന ഉദയനിധിയുടെ വിവാദ പരാമര്‍ശമുണ്ടായത്.
ഇതിനെതിരെ കനത്ത വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്ത് കോടി രൂപ പാരിതോഷികം നല്‍കുമെന്ന് ജഗദ്ഗുരു പരമഹംസ ആചാര്യ പ്രഖ്യാപിച്ചത്. ആര്‍ക്കും തലവെട്ടാന്‍ കഴിയുന്നില്ലെങ്കില്‍ താന്‍ തന്നെ അത് ചെയ്യുമെന്നും ആചാര്യ പറഞ്ഞു. എന്നാല്‍ പത്ത് രൂപയുടെ ചീപ്പ് തന്നാല്‍ സ്വയം തല ചീകാമെന്നുമായിരുന്നു ഉദയനിധിയുടെ മറുപടി.