ചെന്നൈ: മതം മാറിയതിന് ഗ്രാമത്തില്‍ ഭൂരിപക്ഷ വിഭാഗം ഭൃഷ്ട് കല്പിച്ചതിന് പിന്നാലെ ദയാവധത്തിന് അനുമതി തേടി ഏഴ് കുടുംബങ്ങള്‍. തമിഴ്നാട്ടിലെ പൂമ്ബുഹാര് ഗ്രാമത്തിലെ ഏഴോളം കുടുംബങ്ങള്‍ക്കാണ് ഹിന്ദു മതത്തില്‍ നിന്നും ക്രിസ്ത്യൻ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് പതിനഞ്ച് വര്‍ഷമായി ഗ്രാമത്തില്‍ ഭൃഷ്ട് കല്പിക്കപ്പെട്ടത്.
കഴിഞ്ഞ ദിവസം കളക്ടര്‍ സംഘടിപ്പിച്ച പൊതുജന പരാതി പരിഹാര പരിപാടിക്കിടെയാണ് കുടുംബങ്ങള്‍ തങ്ങള്‍ക്ക് നേരിട്ട വിവേചനത്തെകുറിച്ച് പരാതി നല്‍കിയത്. ദയാവധത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ഇവര്‍ ചടങ്ങിനിടെ ഉയര്‍ത്തിയിരുന്നു.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന ഗ്രാമ പഞ്ചായത്തിന്റെ യോഗത്തിന് പിന്നാലെയാണ് ഇവര്‍ക്ക് ഗ്രാമത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്. മീൻ പിടിക്കാനോ, ഗ്രാമത്തിലെ കടകളില്‍ നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാനോ അനുവാദമില്ലെന്നും തിരികെ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് തങ്ങളോട് നിരന്തരം ആവശ്യപ്പെടുകയാണെന്നും കുടുംബം പരാതിയില്‍ വ്യക്തമാക്കി. തങ്ങളുടെ കുട്ടികള്‍ക്ക് ഗ്രാമത്തിലെ മറ്റ് കുട്ടികളോടൊപ്പം കളിക്കുന്നതിനും വിലക്കുണ്ടെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കുടുംബത്തിന്റെ ആരോപണങ്ങള്‍ സത്യമാണോ എന്ന് പരിശോധിക്കുമെന്നും ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ അധികാരികള്‍ അറിയിച്ചു.