ചെന്നൈ: തമിഴ്നാട്ടിലെ തിരുവാരൂരില്‍ മാതാവിന്റെ സ്മരണക്കായി താജ്മഹല്‍ പണിത് മകൻ. പിതാവിന്റെ മരണശേഷം നാലു സഹോദരിമാരും താനുമടക്കമുള്ള മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തിയ മാതാവ് ജയ്ലാനി ബീവിയോടുള്ള സ്നേഹ സൂചകമായാണ് സ്മാരകം പണിയാൻ അമറുദ്ദീൻ ശൈഖ് ദാവൂദ് തീരുമാനിച്ചത്.
ആഗ്രഹയില്‍ പ്രണയിനിയുടെ ഓര്‍മക്കായി ഷാജഹാൻ പണിയിച്ച താജ്മഹല്‍ പോലെ നിത്യസ്മാരകം പണിയണമെന്നായിരുന്നു മനസില്‍. അഞ്ചു കോടി രൂപയാണ് സ്മാരകം പണിയാൻ ചെലവായത്. അമറുദ്ദീന്റെ പിതാവ് അബ്ദുല്‍ ഖാദര്‍ ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ കട നടത്തിവരികയായിരുന്നു. കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതിനു മുമ്ബേ അബ്ദുല്‍ ഖാദര്‍ മരിച്ചു. തുടര്‍ന്ന് അഞ്ച് മക്കളുടെയും വിദ്യാഭ്യാസവും വിവാഹമടക്കമുള്ള എല്ലാ കാര്യങ്ങളും ജെയ്ലാനി ബീവി കഠിനാധ്വാനം ചെയ്ത് ഭംഗിയായി നടത്തി.
2020 ല്‍ ജെയ്ലാനി ബീവി മരിച്ചു. മാതാവിന്റെ ജന്മനാടായ അമ്മൈയപ്പനിലാണ് താജ്മഹലിന്റെ മാതൃകയില്‍ സ്മാരകം തീര്‍ത്തത്. അതിനായി രാജസ്ഥാനില്‍ നിന്ന് മാര്‍ബിള്‍ എത്തിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിനായിരുന്നു സ്മാരകത്തിന്റെ ഉദ്ഘാടനം. അമാവാസി ദിനത്തിലാണ് മാതാവ് മരിച്ചത്. അതിനാല്‍ എല്ലാ അമാവാസി ദിനങ്ങളിലും 1000 ആളുകള്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ട് അമറുദ്ദീൻ.