ചെന്നൈ : നവരാത്രി അവധിക്കു നാട്ടിലേക്കു പോകുന്ന മലയാളികൾക്കു നേരിയ ആശ്വാസം പകർന്ന് കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസ്. നാട്ടിലേക്കും തിരിച്ചും പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് 29 മുതൽ ഒക്ടോബർ 12 വരെ കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസ് നടത്തും. തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങ്ളിലേക്കാണു പ്രത്യേക സർവീസ് നടത്തുക. മലബാറിലേക്കുള്ള ബസ് സർവീസ് പ്രഖ്യാപിച്ചിട്ടില്ല. അവധി മുൻനിർത്തി ഒക്ടോബർ ആദ്യ വാരത്തിലെ ട്രെയിൻ ടിക്കറ്റുകൾ നേരത്തേ വിറ്റുതീർന്നിരുന്നു.
ദീപാവലിക്ക് ടിക്കറ്റിന് തീവില
ദീപാവലിയോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ സ്വകാര്യ ബസുകളിലെ ടിക്കറ്റിന് തീവില. സംസ്ഥാനത്തെ തെക്കൻ ജില്ലകൾ അടക്കം ചെന്നൈയിൽ നിന്ന് അകലെയുള്ള ജില്ലകളിലേക്കു മൂന്നിരട്ടിയോളമാണു വർധന. മധുരയിലേക്ക് നോൺ എസി ബസിന് രണ്ടായിരത്തിനടുത്തും എസിയിൽ മൂവായിരത്തോളം രൂപയുമാണു നിരക്ക്, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി തുടങ്ങി മറ്റു ജില്ലകളിലേക്കും സമാന സ്ഥിതിയാണ്. ദീപാവലി 24ന് ആയതിനാൽ 22, 23 തീയതികളിലാണു നിരക്കു കൂടുതലുള്ളത്.കേരളത്തിലേക്കുള്ള സ്വകാ ബസുകളിലും ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്. എറണാകുളത്തേക്കു ചില ബസുകളിൽ മൂവായിരത്തിനടുത്തും മറ്റു ചിലതിൽ അതിനു മേലെയുമാണ് നിരക്ക്. തിരുവനന്തപുരത്തേക്കും ഇതേ അവസ്ഥയാണുള്ളത്. കോഴിക്കോടേക്കു 2700, 3,000 എന്നിങ്ങനെയാണ് ഇപ്പോഴത്തെ നിരക്ക്.