Home Featured നാട്ടിലേക്കുള്ള യാത്രെ എളുപ്പമാക്കാൻ സ്പെഷൽ ട്രെയിൻ പരിഗണനയിൽ

നാട്ടിലേക്കുള്ള യാത്രെ എളുപ്പമാക്കാൻ സ്പെഷൽ ട്രെയിൻ പരിഗണനയിൽ

by jameema shabeer

ചെന്നൈ ∙ മലബാറിലേക്കുള്ള തിരക്ക് കുറയ്ക്കുന്നതിനായി സ്പെഷൽ ട്രെയിൻ പരിഗണനയിലുണ്ടെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് എം.കെ.രാഘവൻ എംപിയെ അറിയിച്ചു. മലബാറിലെ ട്രെയിൻ യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.

നാട്ടിൽ പോകാനും തിരിച്ചെത്താനും ട്രെയിൻ ടിക്കറ്റ് കിട്ടാതെ വലയുന്ന മലബാറുകാർക്ക് ആശ്വാസമായി എംപിയും ജിഎമ്മും തമ്മിലുള്ള യോഗം. തിരക്കൊഴിവാക്കുന്നതിനായി ചെന്നൈയിൽ നിന്നു വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്കും തിരിച്ച് ഞായറാഴ്ചകളിൽ ചെന്നൈയിലേക്കും ട്രെയിൻ സർവീസ് നടത്തുന്ന കാര്യം പരിഗണിക്കാമെന്ന് ജിഎം അറിയിച്ചു. വാരാന്ത്യങ്ങളിൽ നാട്ടിൽ പോയി മടങ്ങാൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിനു മലയാളികൾക്ക് ആശ്വാസമാകും.

മംഗളൂരുവിലേക്ക് വൈകിട്ട് പുറപ്പെടുന്ന ട്രെയിനിന്റെ സമയമാറ്റം അടക്കം മറ്റ് ആവശ്യങ്ങളും സിടിഎംഎ മുഖേന എം.കെ.രാഘവൻ എംപി ജിഎമ്മിന് മുൻപാകെ ഉന്നയിച്ചു. സിടിഎംഎ ജനറൽ സെക്രട്ടറി എം.പി.അൻവറും യോഗത്തിൽ പങ്കെടുത്തു. നിലവിൽ വൈകിട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ പഴയ സമയമായ അഞ്ചിനോ 5.30നോ പുറപ്പെടുന്ന രീതിയിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടു. നിലവിൽ അർധരാത്രി മലബാർ ജില്ലകളിൽ ട്രെയിൻ എത്തുന്നതിനാൽ പല യാത്രക്കാരും ഇതിൽ പോകാറില്ല.

അതുകൊണ്ട് രാത്രി 8.10നു പുറപ്പെടുന്ന മെയിലിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മെയിലിൽ ടിക്കറ്റുകൾ പലപ്പോഴും മാസങ്ങൾക്കു മുൻപു തന്നെ വിറ്റഴിയാറുണ്ട്. 4.20നുള്ള ട്രെയിനിന്റെ സമയം നീട്ടുന്നത് ഈ പ്രശ്നത്തിനു പരിഹാരമാകും.മംഗളൂരു മെയിൽ, ആലപ്പി എക്സ്പ്രസ് എന്നീ ട്രെയിനുകളിലെ കാലപ്പഴക്കമുള്ള കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു. പല ട്രെയിനുകളും ആധുനിക രീതിയിലുള്ള എൽഎച്ച്ബി കോച്ചുകളിലേക്കു മാറിയെങ്കിലും ഈ ട്രെയിനുകളിൽ ഇപ്പോഴും പഴയ കോച്ചുകളാണ് ഉപയോഗിക്കുന്നത്.

മലബാറിലെ പാസഞ്ചർ ട്രെയിനുകളുടെ റദ്ദാക്കലും പുതുക്കിയ സമയക്രമവും മൂലമുണ്ടായ യാത്രാദുരിതം പരിഹരിക്കുമെന്നും സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം പരിഗണിക്കുമെന്നും ഉറപ്പു ലഭിച്ചതായി എം.കെ.രാഘവൻ എംപി പറഞ്ഞു. ട്രാക്ക് അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മുതൽ കോഴിക്കോട്–ഷൊർണൂർ (06496) ട്രെയിൻ പൂർണമായും റദ്ദാക്കിയതും തൃശൂർ–കോഴിക്കോട് ട്രെയിൻ (06495) ഷൊർണൂർ മുതൽ കോഴിക്കോട് വരെ നിർത്തലാക്കിയതും ഷൊർണൂർ–കോഴിക്കോട് (06455) ട്രെയിൻ 3 മണിക്കൂർ വൈകി ക്രമീകരിച്ചതും കോഴിക്കോട് മുതൽ തൃശൂർ ജില്ലകളിൽ ജോലി ചെയ്യുന്നവരെയും വിദ്യാർഥികളെയും അടക്കമുള്ളവരെ ബുദ്ധിമുട്ടിലാക്കിയതായി എംപി ചൂണ്ടിക്കാട്ടി.

കടലുണ്ടി, ഫറോക്ക് സ്റ്റേഷനുകളിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് എന്ന് ആവശ്യവും യോഗത്തിൽ ഉന്നയിച്ചു. കടലുണ്ടിയിൽ ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307 /16308), മലബാർ എക്സ്പ്രസ് (16630 /16629), മംഗളൂരു–തിരുവനന്തപുരം എക്സ്പ്രസ് (16347/16348) എന്നീ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.ബെംഗളൂരുവിൽ നിന്നു കണ്ണൂരിലേക്കുള്ള ട്രെയിൻ കോഴിക്കോട് വരെ നീട്ടുന്ന വിഷയം വീണ്ടും ഉന്നയിച്ചു. മലബാർ, മാവേലി എക്പ്രസ് ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് എസി കോച്ചുകൾ കൂട്ടാനുള്ള നടപടി സാധാരണ യാത്രക്കാരോടുള്ള വെല്ലുവിളി ആണെന്നും എംപി ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our Whatsapp