തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ 👉 Whatsapp https://chat.whatsapp.com/Gg37vEklwCmIaNa6Loo7fW
👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram https://t.me/joinchat/-y1PYqx0N5xmYzdl
മധുര: അവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യവും വിലക്കയറ്റവും മൂലം പൊറുതിമുട്ടി ഇന്ത്യയിലേക്കു പലായനം ചെയ്യുന്ന ശ്രീലങ്കന്പൗരന്മാരുടെ എണ്ണം ഉയരുന്നു.ഇരുപതിനായിരത്തോളം പേര് ഇന്ത്യയിലേക്കു കടക്കാന്‍ തയാറെടുക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട്, കേരള തീരങ്ങളില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ നിര്‍ദേശം നല്കി.
ശ്രീലങ്കയില്‍നിന്നു പലായനം ചെയ്ത എട്ടു കുട്ടികളും സ്ത്രീകളും അടക്കം 16 പേരെ കഴിഞ്ഞദിവസം തെക്കന്‍തമിഴ്നാട്ടിലെ രാമേശ്വരം ധനുഷ്കോടിയില്‍നിന്നു തീരസംരക്ഷണസേന കണ്ടെത്തിയിരുന്നു. ആറുപേരടങ്ങുന്ന ആദ്യസംഘത്തെ ചൊവ്വാഴ്ച രാവിലെ പത്തരയോടെ ധനുഷ്കോടിക്കു സമീപം നടുക്കടലിലെ മണല്‍ത്തിട്ടയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് അറിയിച്ചതിനെത്തുടര്‍ന്ന് തീരസംരക്ഷണസേന എത്തി ഇവരെ രാമേശ്വരത്തേക്കു കൊണ്ടുവന്നു. പത്തുപേരടങ്ങുന്ന രണ്ടാമത്തെ സംഘത്തെ രാത്രിയോടെയാണു കണ്ടത്. ജാഫ്ന, മാന്നാര്‍ മേഖലകളില്‍നിന്നുള്ള തമിഴ് വംശജരാണിവര്‍.
ആര്. ഗജേന്ദ്രന്(24), ഭാര്യ മേരി ക്ലാരിന്, നാലുമാസം പ്രായമുള്ള മകന് നിജാത്, ഡോറി അനിസ്റ്റണ്‍(28),എസ്തേര്‍(ഒന്‍പത്), മോസസ്(ആറ്) എന്നിവരെയാണു തീരസംരക്ഷണസേന ആദ്യം തീരത്ത് എത്തിച്ചത്. നേരത്തേ തമിഴ്നാട്ടിലെ അഭയാര്ഥിക്യാമ്ബില് കഴിഞ്ഞിരുന്ന രണ്ടു കുടുംബങ്ങളിലെ അംഗങ്ങളാണിവര്‍. രണ്ടാമത്തെ സംഘത്തില്‍ മൂന്നു സ്ത്രീകളും അഞ്ചു കുട്ടികളും ഉള്‍പ്പെടുന്നു. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. തൊഴില്രഹിതരാണു തങ്ങളെന്നു പറഞ്ഞ ഗജേന്ദ്രനും മേരിയും ഡോറിയും ശ്രീലങ്കയിലെ നരകജീവിതത്തെക്കുറിച്ചും മാധ്യമപ്രവര്‍ത്തകരോടു വിശദീകരിച്ചു. റൊട്ടിക്കും പാലിനും മൂന്നിരട്ടി വിലയായതിനാല്‍ കുട്ടികള്‍ ദിവസങ്ങളായി പട്ടിണിയിലാണ്.
അരലക്ഷം രൂപ ബോട്ടുടമയ്ക്കു നല്‍കിയാണ് ആദ്യസംഘം ഇന്ത്യന്‍ തീരത്ത് എത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. നടുക്കടലിലെ മണല്‍ത്തിട്ടയിലാണ് ആളുകളെ ഇറക്കിയത്. മറ്റൊരു ബോട്ട് എത്തി ഇന്ത്യയിലേക്കു കൊണ്ടുവരുമെന്നായിരുന്നു ഇവര്‍ക്കു നല്‍കിയിരുന്ന ഉറപ്പ്.
എന്നാല്‍, ആരും എത്തിയില്ല. രണ്ടാമത്തെ സംഘം മൂന്നുലക്ഷം രൂപ മുടക്കി ഫൈബര്ബോട്ടിലാണു യാത്ര തുടങ്ങിയത്. നടുക്കടലില്‍വച്ച് ബോട്ടിനു കേടുപാട് സംഭവച്ചതിനെത്തുടര്ന്ന് ഒരുദിവസം നീണ്ട അറ്റകുറ്റപ്പണി വേണ്ടിവന്നു. ചൊവ്വാഴ്ച രാത്രി ഒമ്ബതുമണിയോടെയാണ് ഈ സംഘം പാമ്ബന്പാലത്തിനു സമീപമെത്തിയത്. പ്രാഥമിക അന്വേഷണത്തിനുശേഷം ഇവരെ രാമേശ്വരത്തെ കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണം പുരോഗമിക്കുകയാണെന്നു തീരസംരക്ഷണസേന അറിയിച്ചു.
1980കളില്‍ എല്‍ടിടിഇയും ശ്രീലങ്കന്സൈന്യവും തമ്മില്‍ ഉടലെടുത്ത ആഭ്യന്തരയുദ്ധത്തെത്തുടര്ന്ന് പതിനായിരക്കണക്കിന് അഭയാര്‍ഥികളാണു തമിഴ്നാട്ടിലെത്തിയത്.
വിലക്കയറ്റം ആകാശം മുട്ടെ, അരി വില അഞ്ഞൂറിലേക്ക്
വിലക്കയറ്റത്തില്‍ നട്ടം തിരിയുകയാണു ശ്രീലങ്കന്‍ജനത. ഒരു കിലോ അരിക്ക് ഇന്നലെ 290 രൂപയാണു വില. അടുത്തയാഴ്ച അത് അഞ്ഞൂറിലെത്തുമെന്നാണു വിലയിരുത്തല്‍. ഒരു കിലോ പഞ്ചസാരയ്ക്ക് 290 രൂപയും 400 ഗ്രാം പാല്‍പ്പൊടിക്ക് 790 രൂപയുമാണു വില. മൂന്നു ദിവസംകൊണ്ട് പാല്‍പ്പൊടിക്ക് 250 രൂപ വര്‍ധിച്ചു. പേപ്പര്‍ക്ഷാമം മൂലം ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്കൂള്‍ പരീക്ഷ അനിശ്ചിതകാലത്തേക്കു നീട്ടിവച്ചിരിക്കുകയാണ്. ഇന്ധനത്തിനായി കിലോമീറ്ററുകള്‍ ക്യൂ നില്‍ക്കേണ്ടിവരുന്നു. പെട്രോള്പന്പുകളില് സുരക്ഷയൊരുക്കാന്‍ സൈന്യത്തെ വിന്യസിച്ചു.
പെട്രോള്‍ വാങ്ങാന്‍ ക്യൂ നിന്ന മൂന്നു പേര് കഴിഞ്ഞ ദിവസങ്ങളില്‍ കുഴഞ്ഞുവീണു മരിച്ചിരുന്നു. കുടിവെള്ളത്തിനും വൈദ്യുതിക്കും ദിവസം മുഴുവന്‍ കാത്തിരിക്കേണ്ട അവസ്ഥ. അഞ്ചുമണിക്കൂറാണു രാജ്യത്ത് പവര്‍കട്ട്. പാചകവാതകം കിട്ടാനില്ലെന്നുമാത്രമല്ല തീവിലയുമാണ്. മണ്ണെണ്ണയാണു ജനം പാചകത്തിനായി ഉപയോഗിക്കുന്നത്.
നിര്‍മാണത്തൊഴിലാളികളും ദിവസവേതനക്കാരുമാണു വിലക്കയറ്റത്തില്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കോവിഡിനെത്തുടര്‍ന്നു ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ചയാണു ശ്രീലങ്കയുടെ സന്പദ്ഘടനയ്ക്കു തിരിച്ചടിയായത്. ജൈവകൃഷി രാജ്യത്തെ കാര്‍ഷികോത്പാദനത്തെ സാരമായി ബാധിച്ചു.