ചെന്നൈ ∙ ഒന്നര പതിറ്റാണ്ടായി തടസ്സപ്പെട്ടു കിടന്ന സെന്റ് തോമസ് മൗണ്ട്-വേളാച്ചേരി ആകാശ റെയിൽ (എംആർടിഎസ്) പാത ഇൗ മാസം അവസാനത്തോടെ യാഥാർഥ്യമാകുമ്പോൾ തെൻ ചെന്നൈ മേഖലയ്ക്ക് നഗരയാത്ര സുഗമമാവും. പുതിയ പാത പുഴുതിവാക്കം, ആദമ്പാക്കം, മടിപ്പാക്കം, തില്ലൈ ഗംഗാ നഗർ, നങ്കനല്ലൂർ തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിനും ആക്കം കൂട്ടുമെന്നാണു പ്രതീക്ഷ. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാകുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറഞ്ഞു. വേളാച്ചേരിക്കും സെന്റ് തോമസ് മൗണ്ടിനും ഇടയിലുള്ള 5 കിലോമീറ്റർ ദൂരത്തിൽ 500 മീറ്റർ മാത്രമാണ് പൂർത്തിയാകാനുണ്ടായിരുന്നത്.
സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച നിയമ പ്രശ്നങ്ങളാണ് പൂർത്തീകരണം വൈകിച്ചത്. 734കോടി രൂപയാണ് പാതയുടെ നിർമാണച്ചെലവ്. ഇന്ത്യൻ റെയിൽവേയും സംസ്ഥാന സർക്കാരും ചേർന്നുള്ള സംയുക്ത സംരംഭമായാണ് പാതയുടെ നിർമാണം. സുരക്ഷാ പരിശോധനയും കൂടി പൂർത്തിയായാൽ പാത ഗതാഗതത്തിനു തയാറാകും. നിലവിൽ ചെന്നൈ ബീച്ചിൽ നിന്നാരംഭിച്ച് വേളാച്ചേരി വരെ ഓടുന്ന എംആർടിഎസ് ട്രെയിനുകൾ സെന്റ് തോമസ് മൗണ്ട് വരെ നീട്ടുന്നതാണ് പദ്ധതി.
ബീച്ചു മുതൽ വേളാച്ചേരി വരെയുള്ള എംആർടിഎസിന്റെ രണ്ടാം ഘട്ടമായി 2007ൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഒന്നര പതിറ്റാണ്ടിനു ശേഷം യാഥാർഥ്യമാകുന്നത്. പ്രഖ്യാപനത്തെ തുടർന്ന്, സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളും നിർമാണ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. എന്നാൽ നിയമക്കുരുക്കിൽ അകപ്പെട്ട അര കിലോമീറ്റർ ദൂരത്തിന്റെ പ്രശ്ന പരിഹാരത്തിനായി കാര്യമായ ശ്രമമുണ്ടാകാത്തതാണ് നിർമാണ പുരോഗതിയെ തുരങ്കം വച്ചത്.
ഒടുവിൽ യാഥാർഥ്യത്തിലേക്ക്:എംആർടിഎസ് സർവീസ് ആരംഭിക്കുന്നതോടെ സബേർബൻ, മെട്രോ ഉൾപ്പെടെ നഗരത്തിലെ മുഴുവൻ പൊതു ഗതാഗത സംവിധാനങ്ങളും ഇവിടെ ലഭ്യമാകും. വേളാച്ചേരി-മൗണ്ട് പാതയിൽ പുഴുതിവാക്കം, ആദമ്പാക്കം, സെന്റ് തോമസ് മൗണ്ട് എന്നിവിടങ്ങിലാണ് സ്റ്റേഷനുകൾ. മടിപ്പാക്കം, പുഴുതിവാക്കം, തില്ലൈ ഗംഗാ നഗർ, നങ്കനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കെല്ലാം എംആർടിഎസിന്റെ കടന്നു വരവ് ഗുണം ചെയ്യും. സെന്റ് തോമസ് മൗണ്ടിൽ നിന്നു ബീച്ച് സ്റ്റേഷൻ വരെയും തിരിച്ചും ഒറ്റ ട്രെയിനിൽ യാത്ര ചെയ്യാനും സാധിക്കും.
ഈ പ്രദേശങ്ങളിലുള്ളവർ നിലവിൽ മറ്റു യാത്രാ മാർഗങ്ങൾ ഉപയോഗിച്ച് വേളാച്ചേരിയിലോ സെന്റ് തോമസ് മൗണ്ടിലോ എത്തിയ ശേഷം വേണം നഗരത്തിലേക്കുള്ള യാത്ര തുടരാൻ. സെന്റ് തോമസ് മൗണ്ടിലെത്തിയാൽ സബേർബൻ ട്രെയിനു പുറമേ മെട്രോയും ലഭ്യമാകുമെന്ന മെച്ചവുമുണ്ട്. മെട്രോയുടെ രണ്ടാം ഘട്ടത്തിൽ നിർമാണം പുരോഗമിക്കുന്ന ഒഎംആർ ഇടനാഴിയിലേക്കും പുതിയ പാതയിലൂടെ എത്തിച്ചേരാൻ സാധിക്കും.
വേളാച്ചേരി ഭാഗത്തുള്ളവർക്ക് വിമാനത്താവളം, താംബരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനും പാത ദീർഘിപ്പിക്കൽ സഹായിക്കും. നഗരത്തിന്റെ കിഴക്കൻ മേഖലകളിൽ ഉള്ളവർക്കും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്ന് ജിഎസ്ടി റോഡ് വഴി നഗരത്തിലേക്ക് എത്തുന്നവർക്കും ഐടി മേഖലയായ രാജീവ്ഗാന്ധി ശാലയിലേക്ക് (ഒഎംആർ) എത്തിച്ചേരാനും പുതിയ പാത സഹായമാകും.