ചെന്നൈ: സംസ്ഥാനത്ത് ക്രസമാധാനം നിലനില്‍ക്കുന്നില്ലെന്ന പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമിയുടെയും തമിഴ്നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈയുടെയും ആരോപണത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ക്രമസമാധാനം നിലനില്‍ക്കുന്നതിനാലാണ് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ തമിഴ്നാട്ടിലേക്ക് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ക്രമസമാധാന തകര്‍ച്ച ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഭരണകക്ഷിക്കെതിരെ ഇരു നേതാക്കളും ആരോപണം ഉന്നയിച്ചിരുന്നു. കഞ്ചാവ് വില്‍പന ക്രമാതീതമായി വര്‍ധിച്ചതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പളനിസ്വാമി ആരോപിച്ചു.
എന്നാല്‍, പ്രതിപക്ഷനേതാവ് തന്‍റെ സാന്നിധ്യം അറിയിക്കാന്‍ മാത്രമാണ് ഇടക്കിടെ ഇത്തരം ആരോപണങ്ങളുമായി എത്തുന്നതെന്ന് സ്റ്റാലിന്‍ പറഞ്ഞു. സംസ്ഥാനത്ത് ഡി.എം.കെ അധികാരത്തിലെത്തിയതിന് ശേഷം കലാപമോ ക്രൂരമായ കൊലപാതകങ്ങളോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നത് ക്രമസമാധാനം കൃത്യമായി നടക്കുന്നുണ്ടെന്നതിനുള്ള ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി സ്റ്റാലിന് മകന്‍റെ സിനിമ കാണാന്‍ മാത്രമേ സമയമുള്ളൂവെന്നായിരുന്നു അണ്ണാമലൈയുടെ ആരോപണം. സംസ്ഥാനത്തെ ക്രമസമാധാന വിഷയത്തില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താന്‍ അദ്ദേഹത്തിന് സമയമില്ല. ബി.ജെ.പി പ്രവര്‍ത്തകന്‍ ബാലചന്ദ്രന്‍റെ കൊലപാതകം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.
അണ്ണാമലൈയുടെ ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് താന്‍ സദ്ഭരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് സ്റ്റാലിന്‍ മറുപടി നല്‍കി. താന്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യാന്‍ വേണ്ടി പ്രവര്‍ത്തിക്കുമ്ബോള്‍ അണ്ണാമലൈ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.