ചെന്നൈ:റോഡിലേക്കു തെറിച്ചു വീണ മൊബൈൽ ഫോൺ എടുക്കാനായി ശ്രമിക്കുന്നതിനിടെ കോളജ് വിദ്യാർഥി കാറിടിച്ചു മരിച്ചു. ഉസിലാംപെട്ടി സ്വദേശിയായ ശിവശർമ്മയാണ് (21) ഷോളിങ്ങനല്ലൂരിലുണ്ടായ അപകടത്തിൽ മരിച്ചത്.സെമ്മഞ്ചേരി ഒഎംആർ റോഡിലെ സ്വകാര്യ കോളജിൽ മുന്നാം വർഷ ബിടെക് വിദ്യാർഥി യായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിക്കായിരുന്നു അപകടം.
പുലർച്ചെ ഇയാൾ സുഹൃത്തുക്കളോടൊപ്പും ഷോളിങ്ങനല്ലൂർ ജില്ലാ ട്രാൻസ്പോർട്ട് ഓഫിസിന് സമീപത്തെ ചായക്കടയിലേക്ക് പോയി. ഇവിടെയിരുന്ന് ഗെയിം കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ഫോൺ റോഡിലേക്കു വലിച്ചെറിഞ്ഞതായി പറയുന്നു.
ഇതെടുക്കാൻ ശ്രമിക്കവേ സെമ്മഞ്ചേരിയിൽ നിന്ന് ഷോളിങ്ങനല്ലൂർ ഭാഗത്തേക്കു വരികയായിരുന്ന കാർ യുവാവിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ശിവശർമ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിൽ കേസെടുത്ത പള്ളിക്കര ട്രാഫിക് പൊലീസ് കാർ ഓടിച്ചിരുന്ന ബിയാസിനെ (24) അറസ്റ്റ് ചെയ്തു.