ചെന്നൈ • പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു പത്താം ക്ലാസ് വിദ്യാർഥിക്കു സാരമായ പരുക്ക്. റാണിപ്പേട്ട് ജില്ലയിലെ ചിപ്കോട്ടിനടുത്തുള്ള കൊണ്ടക്കുപ്പം സ്വദേശി മുനിയാണ്ടിയുടെ മകൻ മുത്തുവിനാണു (16) പരുക്കേറ്റത്. അമ്മാവൻ സന്തോഷ് കഴിഞ്ഞ ഏപ്രിലിലാണ് ഓൺലൈനായി മൊബൈൽ ഫോൺ വാങ്ങിയത്. 12,000 രൂപയ്ക്ക് വാങ്ങിയതാണ് ഫോൺ.
കഴിഞ്ഞ ദിവസം ബന്ധുവായ മനോഹറിനൊപ്പം ബൈക്കിൽ പോകവേ വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ പാന്റിനും തീപിടിച്ചു. പെട്ടെന്നുണ്ടായ സംഭവത്തിൽ പരിഭ്രമിച്ചതോടെ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ച് മറിഞ്ഞു. തെറിച്ചു വീണ മുത്തുവിന്റെ തലയും പൊട്ടി. വലതു കാലിന്റെ തുടഭാഗത്താണു പൊള്ളലേറ്റത്. മനോഹരനും അപകടത്തിൽ പരുക്കേറ്റു. ഇരുവരും ചികിത്സയിലാണ്.