
19 മാസത്തിനു ശേഷം സ്കൂളുകളിലേക്കു തിരിച്ചെത്തുന്ന 1-8 ക്ലാസുകളിലെ കുട്ടികളെ സ്വീകരിക്കാൻ മുഖ്യമന്ത്രിയും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലെ വിവിധ കോർപറേഷൻ സ്കൂളുകളിൽ സന്ദർശനം നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ തുടങ്ങിയവരും വിവിധ സ്കൂളുകളിലെത്തി കുട്ടികളെ സ്വാഗതം ചെയ്തു.

മഴയും ദീപാവലി അവധി അടുത്തതും ആദ്യ ദിനത്തിൽ ഹാജരായ കുട്ടികളുടെ എണ്ണത്തിൽ വലിയ കുറവു വരുത്തി. ഏകദേശം 60 ശതമാനം കുട്ടികൾ മാത്രമാണ് സ്കൂളുകളിലെത്തിയത്. അടുത്ത ആഴ്ചയോടെ കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്ന് അധ്യാപകർ പറഞ്ഞു.